കാഴ്ചകളുടെ പറുദീസയായ ഊട്ടിയിലേയ്ക്ക് ഒരു ട്രെയിന്‍ യാത്ര; ടിക്കറ്റുകൾ ലഭിക്കാൻ ഇത്രമാത്രം
206 വളവുകള്‍, 16 തുരങ്കങ്ങള്‍, ചെറുതും വലുതുമായ 250 പാലങ്ങള്‍. മേട്ടുപ്പാളയത്തു നിന്നും ഊട്ടിയിലെത്തുമ്പോള്‍ നാം ഇവയെല്ലാം താണ്ടിയിരിക്കും. ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച ഈ തീവണ്ടി ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രയിനെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. വേഗത മണിക്കൂറില്‍ 10.4 കി.മി. ഇന്ത്യയിലെ ഏക റാക്ക് റെയില്‍വേയായ നീലഗിരി മലയോര പാതയില്‍ പ്രകൃതി കാത്തുവച്ചിരിക്കുന്ന കാഴ്ചകള്‍ അനവധിയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും കുത്തനെ കയറ്റമുള്ള തീവണ്ടിപ്പാതയാണിത്. പൈതൃക സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് തടികൊണ്ട് നിര്‍മ്മിച്ച ബോഗികളും സീറ്റുകളും തന്നെയാണ് ട്രെയിനില്‍ നിലനിര്‍ത്തിയിരിക്കുന്നത്.
മേട്ടുപ്പാളയത്തു നിന്നും ഊട്ടിയിലേക്കുള്ള യാത്ര രണ്ടു ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. മേട്ടുപ്പാളയം സ്റ്റേഷനില്‍ നിന്നും കല്‍ക്കരി കൊണ്ട് പ്രവര്‍ത്തിക്കുന്ന നീരാവി എഞ്ചിന്‍ വലിക്കുന്ന തീവണ്ടിയില്‍ കൂനുര്‍ വരെയുള്ള യാത്രയാണ് ഇതില്‍ ആദ്യത്തേത്. ഈ പാതയിലാണ് റാക്ക് ആന്‍ഡ് പീനിയന്‍ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നത്. ഊട്ടിയിലേക്കുള്ള യാത്രയില്‍ എഞ്ചിന്‍ ട്രെയിനിന്റെ പുറകുവശത്താണ്. ബോഗികളെ മുന്നോട്ടു തള്ളി കയറ്റം കയറ്റുമ്പോള്‍ ഒരു പിടുത്തത്തിനു വേണ്ടിയാണ് റാക്ക് ടെക്നോളജി ഉപയോഗിച്ചിരിക്കുന്നത്. രണ്ട് പാളത്തിനും നടുക്കുള്ള റാക്ക് പാതയിലൂടെ ട്രയിനില്‍ ഘടിപ്പിച്ചിരിക്കുന്ന പല്‍ചക്രം കൊളുത്തിപ്പിടിച്ച് മലകയറുന്ന സംവിധാനമാണ് റാക്ക് ആന്‍ഡ് പീനിയന്‍.
മേട്ടുപ്പാളയത്തു നിന്നും യാത്ര പുറപ്പെടുന്ന ട്രയിന്‍ കുറച്ചു ദൂരം സഞ്ചരിച്ച് കല്ലാറില്‍ എത്തുമ്പോഴാണ് റാക്ക് റെയില്‍ ആരംഭിക്കുന്നത്. ഇതിനിടയില്‍ കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിലൊന്നായ ഭവാനിയെ ട്രെയിന്‍ മറികടക്കുന്നു. ഈ യാത്ര കൂനൂര്‍ വരെയാണ്. കൂനൂരില്‍ എത്തിക്കഴിഞ്ഞാല്‍ അതുവരെ ട്രെയിനിനെ വഹിച്ച ആവി എഞ്ചിന്‍ മാറുന്നു. പിന്നീടങ്ങോട്ട് ഡീസല്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. കൂനൂര്‍ മുതല്‍ ഊട്ടി വരെ വലിയ കയറ്റങ്ങളൊന്നുമില്ലാത്തതു കൊണ്ട് റാക്ക് പാതയും ഉപയോഗിക്കുന്നില്ല. മേട്ടുപ്പാളയത്തിനും ഊട്ടിക്കുമിടയില്‍ ഒരു ജോഡി ട്രെയിന്‍ ദിവസവും സര്‍വ്വീസ് നടത്തുന്നതിനു പുറമേ കൂനൂരിനും ഊട്ടിക്കുമിടയില്‍ രണ്ടു ജോഡി ട്രെയിന്‍ സഞ്ചാരികളേയും വഹിച്ചുകൊണ്ട് ഓടുന്നുണ്ട്.
കല്ലാര്‍, അഡര്‍ലി, ഹില്‍നോവ്, റണ്ണിമേട്, കാട്ടേരി, കൂനൂര്‍, വെല്ലിംഗ്ടണ്‍, ലവ്ഡേല്‍, അറവങ്കോട് എന്നിവയാണ് മേട്ടുപ്പാളയത്തിനും ഊട്ടിക്കുമിടയിലുള്ള സ്റ്റേഷനുകള്‍. ഇതില്‍ ചില സ്റ്റേഷനുകളില്‍ യാത്രയ്ക്കിടെ ട്രെയിന്‍ നിര്‍ത്തി എഞ്ചിനില്‍ വെള്ളം നിറയ്ക്കുന്നു. ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഈ പാതയില്‍ യാത്രചെയ്യുന്നതിന് റയില്‍വേ അധികതുകയൊന്നും ഈടാക്കുന്നില്ല.
ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 205 രൂപയും സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്ക് 30 രൂപയും റിസര്‍വ് ചെയ്യാതെയുള്ള യാത്രയ്ക്ക് 15 രൂപയുമാണ് ഒരാള്‍ക്കുള്ള ചാര്‍ജ്. ഒന്നാം ക്ലാസില്‍ 16 പേര്‍ക്കും, രണ്ടാം ക്ലാസ് റിസര്‍വേഷനില്‍ 142 പേര്‍ക്കും റിസര്‍വേഷനില്ലാതെ 65 പേര്‍ക്കും യാത്ര ചെയ്യാം.
ഇന്ത്യൻ റെയിൽവേ വെബ്‌സൈറ്റ് www.irctc.co.in വഴി നിങ്ങളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.നിങ്ങൾക്ക് ഐആർസിടിസി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ബുക്കിംഗ് വിൻഡോ തുറക്കുന്നതിന് മുമ്പായി 1 അല്ലെങ്കിൽ 2 മണിക്കൂർ മുമ്പ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുക എന്നതാണ് അവശേഷിക്കുന്ന ഏക മാർഗം.ട്രെയിൻ ഫുള്ളായില്ലെങ്കിൽ സ്റ്റേഷനിൽ നിന്ന് ടിക്കറ്റുകൾ ലഭിക്കും.രാവിലെ 7:10 ന് ട്രെയിൻ പുറപ്പെടും.