ഗാന്ധിനഗര്‍: ക്രിക്കറ്റ് മത്സരം കഴിഞ്ഞ് ചണ്ഡീഗഡ് വിമാനത്താവളത്തിലേക്കു പുറപ്പെട്ട അണ്ടര്‍ 23 ക്രിക്കറ്റ് താരങ്ങളുടെ ബാഗുകളില്‍നിന്ന് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു. സി.കെ. നായിഡു ക്രിക്കറ്റ് ടൂര്‍ണമെന്റ് കളിക്കാനായി ചണ്ഡീഗഡിലേക്കു പോയ സൗരാഷ്ട്രയുടെ യുവതാരങ്ങളാണ് തിരിച്ചുവരവില്‍ മദ്യക്കുപ്പികളും കടത്താന്‍ ശ്രമിച്ചത്. ചണ്ഡീഗഡ് വിമാനത്താവളത്തില്‍ ഇവരുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം തുടങ്ങി. താരങ്ങള്‍ക്കെതിരെ നടപടി വന്നേക്കും.
മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണു ഗുജറാത്ത്. ജനുവരി 25ന് ചണ്ഡീഗഡിനെ തോല്‍പിച്ച ശേഷമാണ് സൗരാഷ്ട്ര ടീം ഗുജറാത്തിലേക്കു മടങ്ങിയത്. വിമാനത്താവളത്തില്‍വച്ച് താരങ്ങളുടെ ബാഗുകള്‍ തുറന്നുപരിശോധിച്ചതോടെ മദ്യം കണ്ടെത്തി. സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
”ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണു സംഭവിച്ചിരിക്കുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അച്ചടക്കസമിതിയും അപെക്‌സ് കൗണ്‍സിലും വിഷയം ചര്‍ച്ച ചെയ്ത ശേഷം ഉചിതമായ നടപടികള്‍ സ്വീകരിക്കും.” ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. പ്രഷാം രാജ്‌ദേവ്, സമര്‍ഥ് ഗജ്ജര്‍, രക്ഷിത് മേത്ത, പര്‍ഷ്വരാജ് റാണ, സ്മിത്‌രാജ് ജലാനി എന്നിവരുടെ കിറ്റുകളില്‍നിന്നാണ് മദ്യം പിടിച്ചെടുത്തത്. 27 കുപ്പി മദ്യവും രണ്ട് കെയ്‌സ് ബിയറും പിടിച്ചതായാണു പുറത്തുവരുന്ന വിവരം. ക്രിക്കറ്റ് കിറ്റിനുള്ളില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍.