KeralaNEWS

ശാന്തന്‍പാറയിലെ കൈയേറ്റം സമ്മതിച്ച് സി.പി.എം; ഓഫീസിന്റെ സംരക്ഷണഭിത്തി പൊളിച്ചുനീക്കി

ഇടുക്കി: ശാന്തന്‍പാറയിലെ സി.പി.എം. ഏരിയാകമ്മറ്റി ഓഫീസിന്റെ അനധികൃത സംരക്ഷണഭിത്തി പൊളിച്ചുനീക്കി. സിപിഎം പ്രവര്‍ത്തകര്‍തന്നെയാണ് ഭിത്തി പൊളിച്ചുമാറ്റിയത്. കെട്ടിടം നിര്‍മിച്ചതില്‍ 12 ചതുരശ്രമീറ്റര്‍ പട്ടയമില്ലാത്ത ഭൂമിയിലാണെന്നും 48 ചതുരശ്രമീറ്റര്‍ റോഡ് പുറമ്പോക്ക് ഭൂമി കൈവശം വച്ചെന്നും റവന്യൂവകുപ്പ് കണ്ടെത്തിയിരുന്നു. ഗാര്‍ഹികേതര ആവശ്യത്തിനാണ് നിര്‍മാണം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഓഫീസ് നിര്‍മാണത്തിനുള്ള എന്‍.ഒ.സി. അപേക്ഷ ജില്ലാ കളക്ടര്‍ കഴിഞ്ഞദിവസം നിരസിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് നടപടി.

റോഡ് പുറമ്പോക്ക് ഭൂമി കയ്യേറി ഭിത്തി നിര്‍മിച്ചതായിരുന്നു എന്‍.ഒ.സി. അപേക്ഷ നിഷേധിക്കാനുള്ള ഒരു കാരണം. അതിനാല്‍ ഭിത്തിപൊളിച്ചുമാറ്റിയതോടെ ആ നിയമലംഘനം അവസാനിച്ചെന്നും എന്‍ഒസിയ്ക്കുള്ള അപേക്ഷ വീണ്ടും ജില്ലാ കളക്ടര്‍ക്ക് നല്‍കുമെന്നാണ് സിപിഎം അറിയിക്കുന്നത്. എന്നിട്ടും എന്‍ഒസി ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പാര്‍ട്ടി നീക്കം.

Signature-ad

നേരത്തെ വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി, ഓഫീസ് നിര്‍മാണം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരമാണ് സി.പി.എം. നേതൃത്വം ഓഫീസിന്റെ നിര്‍മാണത്തിനായി എന്‍.ഒ.സി. ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സമര്‍പ്പിച്ചത്. ഹൈക്കോടതി വിലക്കിയിട്ടും ശാന്തന്‍പാറയില്‍ പാര്‍ട്ടി ഓഫീസ് നിര്‍മാണവുമായി മുന്നോട്ടുപോയ സി.പി.എം. ജില്ലാ നേതൃത്വത്തിനെതിരെ ഹൈക്കോടതി നടപടിയെടുത്തിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിനെതിരേ കോടതിയലക്ഷ്യ നടപടിക്കാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഈ കെട്ടിടം സി.പി.എം ഉപയോഗിക്കുന്നതും അന്ന് കോടതി വിലക്കിയിരുന്നു.

റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി. ലഭിച്ചിട്ടില്ലാത്ത ശാന്തന്‍പാറ ഏരിയ കമ്മിറ്റി ഓഫീസ് അടക്കമുള്ള സിപിഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഓഗസ്റ്റില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവുവന്നശേഷവും ഓഫീസ് നിര്‍മാണം തുടരുകയായിരുന്നു. ഉത്തരവ് രേഖാമൂലം ലഭിച്ചില്ലെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

തുടര്‍ന്ന് റവന്യൂ വകുപ്പ് വീണ്ടും നിരോധന ഉത്തരവ് (സ്റ്റോപ്പ് മെമ്മോ) നല്‍കി. നിര്‍മാണം നിര്‍ത്താനും തല്‍സ്ഥിതി തുടരാനും ആവശ്യപ്പെട്ടാണ് ശാന്തന്‍പാറ വില്ലേജ് ഓഫീസര്‍ നിരോധന ഉത്തരവുനല്‍കിയത്. ഉടുമ്പന്‍ചോല ഭൂരേഖ തഹസില്‍ദാരുടെ നിര്‍ദേശാനുസരണം വില്ലേജ് ഓഫീസര്‍ ശാന്തന്‍പാറയിലെത്തി ലോക്കല്‍ സെക്രട്ടറിക്ക് ഉത്തരവ് കൈമാറി.

Back to top button
error: