LIFEReligion

മോര്‍ അന്തോണിയോസ് മൊണാസ്ട്രി സമര്‍പ്പിക്കുന്നത് വിശ്വാസത്തെ പ്രതി രക്തസാക്ഷികളായവര്‍ക്കായി

കോട്ടയം: തീവ്രവാദികള്‍ തട്ടികൊണ്ടുപോയ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അലപ്പോ ആര്‍ച്ച് ബിഷപ്പ് മോര്‍ ഗ്രിഗോറിയോസ് യോഹന്ന ഇബ്രാഹിം മെത്രാപോലീത്തായുടെയും മധ്യപൂര്‍വദേശത്തെ (Middle East Countries) വിവിധ രാജ്യങ്ങളില്‍ വിശ്വാസത്തെ പ്രതി രക്തസാക്ഷികളായ സുറിയാനി സഭാ മക്കളുടെയും ഓര്‍മയ്ക്കായിട്ടാണ് തിരുവഞ്ചൂര്‍ മോര്‍ അന്തോണിയോസ് മൊണാസ്ട്രി സമര്‍പ്പിക്കുന്നതെന്ന് യാക്കോബായ സഭയുടെ സന്യാസപ്രസ്ഥാനങ്ങളുടെ അധിപന്‍ മാത്യൂസ് മോര്‍ തീമോത്തിയോസ്.

എന്തെല്ലാം നഷ്ടപ്പെട്ടാലും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിലുള്ള വിശ്വാസത്തില്‍നിന്ന് വ്യതിചലിക്കാതെ ജീവിക്കുവാന്‍ ആഗ്രഹിച്ച മലങ്കരയിലെ സഭാ മക്കളുടെയും വൈദികരുടെയും നേതൃത്വത്തില്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ കീഴില്‍ ആരംഭിച്ച അന്തോണിയോസ് ഇവാഞ്ചലിക്കല്‍ മിഷന്‍ (എഇഎം) ട്രസ്റ്റിന്റെ ആദ്യ സംരംഭമാണ് മോര്‍ അന്തോണിയോസ് മൊണാസ്ട്രി. ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ എക്കാലവും നിലനില്‍ക്കുവാന്‍ തക്കവണ്ണമാണ് ഈ പ്രസ്ഥാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോര്‍ പീലക്‌സീനോസ് പറഞ്ഞു.

Signature-ad

തിരുവഞ്ചൂര്‍ മോര്‍ അന്തോണിയോസ് മൊണാസ്ട്രിയുടെ കൂദാശ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിന് ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ നിര്‍വഹിക്കും. മൊണാസ്ട്രിയുടെ ആദ്യബ്ലോക്കിന്റെ കുദാശയാണ് പരിശുദ്ധ ബാവാ നിര്‍വഹിക്കുന്നത്. മൊണാസ്ട്രിയില്‍ രണ്ട് ചാപ്പലുകളാണുള്ളത്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മോര്‍ അന്തോണിയോസ് മൊണാസ്ട്രിയോടൊപ്പം എഇഎം ട്രസ്റ്റിന്റെ കീഴില്‍ കനാന്‍ റിട്ടയര്‍മെന്റ് ഹോമിന്റെ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. 64 ഫ്‌ലാറ്റുകളാണ് ഈ പദ്ധതിയിലുടെ പണിയുന്നത്. സഭയിലെ മെത്രാപ്പോലീത്തമാര്‍ക്കും വൈദികര്‍ക്കും വാര്‍ദ്ധക്യകാലം ചെലവിടാനുള്ള സൗകര്യം സജ്ജമാക്കുന്ന പദ്ധതിയാണിത്. അതോടൊപ്പം പ്രായമായവര്‍ക്ക് കൂദാശകള്‍ സ്വീകരിച്ച് ആത്മീയ ജീവിതം നയിക്കാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യം.

ദൈവവചനത്തിലൂടെ കുഞ്ഞുങ്ങളെ വളര്‍ത്തുന്ന വചന്രഗ്രാമം എന്ന ചില്‍ഡ്രന്‍സ് പ്ലേ സ്‌കൂള്‍, എല്‍കെജി – യുകെജി ക്ലാസുകള്‍ അടങ്ങുന്ന എ ഇഎം സ്‌കൂള്‍ ഓഫ് കിഡ്സ്, പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് & ഫാര്‍മസി അസിസ്റ്റന്റ് എന്നീ ഡിപ്ലോമ കോഴ്സുകള്‍ നടത്തുന്ന എഇഎം സ്‌കൂള്‍ ഓഫ് സ്‌കില്‍സ്, തമിഴ് ജനതയുടെ ഇടയില്‍ സുവിശേഷം അറിയിക്കാനും അവരുടെ ഉന്നമനത്തിനുമായി രൂപീകരിച്ച എഇഎം തമിഴ് മിനിസ്ട്രി, മുവാറ്റുപുഴയിലെ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ മെമ്മോറിയല്‍ നഴ്സിംഗ് ഹോം എന്നീ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ മലങ്കരയിലെ നാലാം ശ്ലൈഹിക സന്ദര്‍ശന വേളയില്‍ കോട്ടയത്തെത്തുന്ന അദ്ദേഹത്തിന് പട്ടിത്താനത്ത് ഏറ്റുമാനൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തിരുവഞ്ചൂരില്‍ എത്തുമ്പോള്‍ എന്‍എസ്എസിന്റെയും പൗരാവലിയുടെയും നേതൃത്വത്തില്‍ സ്വീകരിക്കും. തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തില്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് 7.30ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ വിശ്വാസികളെ അഭിസം ബോധന ചെയ്യും. ഫെബ്രുവരി എട്ടിന് രാവിലെ എട്ടിന് തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ഏഴ് വൈദികര്‍ക്ക് റമ്പാന്‍ സ്ഥാനം നല്‍കുകയും ചെയ്യും.

 

Back to top button
error: