ഇടുക്കി: പൂപ്പാറയിലെ കയ്യേറ്റങ്ങളൊഴിപ്പിക്കണമെന്ന് ഹൈക്കോടതി. പുറമ്പോക്ക് ഭൂമിയിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാണ് ഉത്തരവ്. ആറാഴ്ചക്കുള്ളില്‍ ഇവ ഒഴിപ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഒഴിപ്പിക്കേണ്ടി വരുന്നത് വ്യാപാര സ്ഥാപനങ്ങളും വീടുകളുമാണെന്നും കയ്യേറ്റക്കാരല്ല കുടിയേറ്റക്കാരാണ് തങ്ങളെന്നും നാട്ടുകാര്‍ പറഞ്ഞു.
കയ്യേറ്റം നടന്നിട്ടുണ്ടെന്ന് കാണിച്ച് ബി.ജെ.പിയാണ് കഴിഞ്ഞവര്‍ഷം ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് അനധികൃത നടപടികളെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂവകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു.ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് കയ്യേറ്റങ്ങള്‍ നടന്നതായി കണ്ടെത്തിയത്. എന്നാല്‍ നാട്ടുകാരുടെ ഭാഗം കേട്ടില്ലെന്നും ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.