KeralaNEWS

‘പത്മ പുരസ്‌കാരം’ ചലച്ചിത്ര താരങ്ങള്‍ക്കെങ്കില്‍ ആദ്യ പേരുകാരന്‍ മമ്മൂട്ടി; പുരസ്‌കാര നിര്‍ണയത്തിനെതിരെ സതീശന്‍

കൊച്ചി: പത്മപുരസ്‌കാര നിര്‍ണയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്ര ശോഭ കൈവരുന്നതെന്നും പത്മപുരസ്‌കാരത്തിന് ഒരു ഇന്ത്യന്‍ താരത്തെ പരിഗണിക്കുന്നുവെങ്കില്‍ ആദ്യ പേരുകാരന്‍ മമ്മൂട്ടിയായിരിക്കുമെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

Signature-ad

ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭന്‍, സാനു മാഷ്, സി.രാധാകൃഷ്ണന്‍, സാറാ ജോസഫ്, സജിതാ ശങ്കര്‍, സുജാതാ മോഹന്‍,എം.എന്‍ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപന്‍ ശിവരാമന്‍, ഡോ. വി.എസ്. വിജയന്‍ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളില്‍ നിന്ന് ഇപ്പോഴും അകന്ന് നില്‍ക്കുകയാണ് പത്മ പുരസ്‌കാരങ്ങള്‍. പ്രവര്‍ത്തന മേഖലകളില്‍ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും.

ചിരഞ്ജീവിക്ക് പത്മവിഭൂഷണ്‍, മിഥുന്‍ ചക്രവര്‍ത്തിക്ക് പത്മഭൂഷണ്‍ എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വായിച്ചപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ല്‍ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാല്‍ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ ഞാന്‍ വിസ്തരിക്കേണ്ടതില്ല. ഒരു ഇന്ത്യന്‍ ചലച്ചിത്ര താരത്തെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കില്‍ ആദ്യത്തെ പേരുകാരന്‍ മമ്മൂട്ടിയാണെന്നതില്‍ തര്‍ക്കമില്ല.

പി.ഭാസ്‌കരന്‍ മാഷിന്റെയും ഒ.എന്‍.വിയുടേയും സമകാലികനാണ് ശ്രീകുമാരന്‍ തമ്പി. പത്മ പുരസ്‌ക്കാരത്തിന് എന്നേ അര്‍ഹന്‍. എന്താണ് പുരസ്‌കാര പട്ടികയില്‍ ആ പേരില്ലാത്തത്?

രാജ്യം നല്‍കുന്ന ആദരമാണ് പത്മ പുരസ്‌കാരങ്ങള്‍. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കല്‍പ്പത്തെ കൂടുതല്‍ ഉജ്വലമാക്കുന്നതാവണം രാജ്യം നല്‍കുന്ന ആദരം.

എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍.

 

 

Back to top button
error: