കൊച്ചി: ‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പി ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു. ‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പിയുടെ മറവില്‍ നടന്ന തട്ടിപ്പില്‍ ഇ.ഡി.യും അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടപടി. ഹൈറിച്ച് കമ്പനി നടത്തിയത് വന്‍ തട്ടിപ്പാണെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. കമ്പനി സമാഹരിച്ച പണത്തില്‍ 482 കോടി രൂപ മാത്രം ശേഖരിച്ചത് ക്രിപ്റ്റോകറന്‍സി വഴിയാണെന്നാണ് ഇ.ഡി. പറയുന്നത്.
അതേസമയം, ഇ.ഡി. കേസില്‍ അറസ്റ്റിലേക്ക് നീങ്ങിയേക്കുമെന്ന സാഹചര്യത്തില്‍ ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീന പ്രതാപനും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്നാണ് ഇ.ഡി. അധികൃതര്‍ പറയുന്നത്. ഇവര്‍ക്കെതിരേ മുന്‍പും സമാന കേസുള്ള വിവരം കോടതിയെ അറിയിക്കും.
ഓണ്‍ലൈന്‍ ഷോപ്പിങ് ഉള്‍പ്പെടെയുള്ള ബിസിനസുകളുടെ മറവില്‍ ‘ഹൈറിച്ച്’ കമ്പനി 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. കമ്പനി 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി ജി.എസ്.ടി. വകുപ്പും കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇ.ഡി.യും അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞദിവസം ഇ.ഡി. ഉദ്യോഗസ്ഥര്‍ എത്തുംമുമ്പ് അറസ്റ്റ് ഭയന്ന് കമ്പനി എം.ഡി. പ്രതാപന്‍ ദാസനും സി.ഇ.ഒ.യും ഭാര്യയുമായ ശ്രീനയും കടന്നുകളഞ്ഞു. ഇവരെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കാന്‍ പോലീസിനോട് ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈറിച്ചിന്റെ ഹെഡ് ഓഫീസ്, ഉടമകളുടെ രണ്ടുവീടുകള്‍, തൃശ്ശൂരും എറണാകുളം ഇടപ്പള്ളിയിലുമുള്ള ശാഖകള്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം ഇ.ഡി. റെയ്ഡ് നടത്തിയത്.
പലചരക്ക് ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി ഹൈറിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് രീതിയിലാണ് ഇടപാടുകാരെ സൃഷ്ടിച്ചത്. ഇന്ത്യയിലാകെ 680 ഷോപ്പുകളും കേരളത്തില്‍ 78 ശാഖകളും ഉണ്ട്. ഏതാണ്ട് 1.63 ലക്ഷം ഇടപാടുകാരുടെ ഐ.ഡി.കള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടാന്‍ ഒരു ഇടപാടുകാരന്റെ പേരില്‍ത്തന്നെ അമ്പതോളം ഐ.ഡി.കള്‍ സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്.