എങ്കിലുമെന്റെ സംയുക്‌തേ! രാമന്റെയും സീതയുടെയും ചിത്രം പങ്കുവച്ച് നടി
അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് നടിമാരായ രേവതി, നിത്യാ മേനോന്‍ തുടങ്ങിയവര്‍ക്കു പിന്നാലെ നിലപാട് വ്യക്തമാക്കി തെന്നിന്ത്യന്‍ സുന്ദരി സംയുക്താ മേനോനും. ജനുവരി 22 അവിസ്മരണീയമായ ദിവസമായിരുന്നുവെന്നും രാം ലല്ലയുടെ മുഖം കണ്ടപ്പോഴുണ്ടായ നിര്‍വൃതി നവ്യാനുഭവമായിരുന്നെന്നുമാണ് രേവതി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. രേവതിയുടെ വാക്കുകളെ പിന്തുണച്ച് നിത്യയും രംഗത്തെത്തുകയായിരുന്നു. ഇപ്പോഴിതാ രാമന്റെയും സീതയുടെയും വനവാസ കാലത്തെ ചിത്രം പങ്കുവച്ചുകൊണ്ട് നടി സംയുക്ത മേനോനും രംഗത്തെത്തിയിരിക്കുകയാണ്.
ബ്രിട്ടീഷ് കവിയായ ബെന്‍ ഒക്രിയുടെ വാക്കുകളാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ”സൃഷ്ടിക്കാനും മറികടക്കാനും സഹിക്കാനും രൂപാന്തരപ്പെടാനും സ്‌നേഹിക്കാനും നമ്മുടെ കഷ്ടപ്പാടുകളെക്കാള്‍ വലുതാകാനുമുള്ള കഴിവാണ് നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കരുത്ത്” എന്നാണ് നടി കുറിച്ചത്. പ്രാണ പ്രതിഷ്ഠാ ദിവസം നിലവിളക്ക് തെളിച്ചതിന്റെ ചിത്രവും സംയുക്ത പങ്കുവച്ചിരുന്നു.
നേരത്തെ നടി ദിവ്യ ഉണ്ണി, സാമന്ത,ശില്‍പ ഷെട്ടി എന്നിവരും രാം ലല്ലയുടെ ചിത്രം പങ്കുവച്ചിരുന്നു. നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ദിവ്യ പ്രഭ, കനി കുസൃതി, സംവിധായകനും നടനുമായ ആശിഖ് അബു, സംവിധായകന്‍ കമല്‍ കെ.എം, സംവിധായകനും നടനുമായ ജിയോ ബേബി, നടന്‍ മിനോണ്‍, ഗായകരായ സൂരജ് സന്തോഷ്, രശ്മി സതീഷ് തുടങ്ങിയവരാണ് തങ്ങളുടെ സോഷ്യല്‍മീഡിയകളിലൂടെ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് അയോധ്യ വിഷയത്തില്‍ നിലപാട് അറിയിച്ചത്.
അതേസമയം, രാം ലല്ലയുടെ ചിത്രം പങ്കുവച്ചതിനു പിന്നാലെ രേവതിയെ വിമര്‍ശിച്ചുകൊണ്ട് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.