CrimeNEWS

മുളകുപൊടി കലക്കിയ വെള്ളം കുടിപ്പിച്ചു, സിഗരറ്റുകൊണ്ട് പൊള്ളിച്ചു; ഡി.എം.കെ നേതാവിന്റെ മകന്റെ വീട്ടിലെ ജോലിക്കാരി നേരിട്ടത് കൊടുംക്രൂരത

ചെന്നൈ: ഡിഎംകെ എംഎല്‍എയുടെ മകന്റെ വീട്ടിലെ ജോലിക്കാരി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തിന്റെ വിഡിയോ പുറത്ത്. അതിക്രൂര പീഡനമാണ് പെണ്‍കുട്ടി നേരിട്ടതെന്ന് തെളിയിക്കുന്നതാണ് വിഡിയോ. കഴിഞ്ഞ ഏഴു മാസമായി രാത്രി 12 വരെ ജോലി ചെയ്തിട്ടും ശമ്പളം നല്‍കിയില്ലെന്നും മുളകുപൊടി കലക്കിയ വെള്ളം കുടിപ്പിക്കുകയും സിഗരറ്റ് കത്തിച്ച് ദേഹത്തെല്ലാം പൊള്ളലേല്‍പ്പിക്കുകയും ചെയ്‌തെന്നും പെണ്‍കുട്ടി വിഡിയോയില്‍ വ്യക്തമാക്കുന്നു.

ചെന്നൈ പല്ലാവരം നിയമസഭാംഗം ഐ. കരുണാനിധിയുടെ മകന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന 18 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ മകന്‍ ആന്റോ മണിവണന്‍, മരുമകള്‍ മെര്‍ലിന എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. പരുക്കേറ്റ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂര്‍പ്പെട്ട് സ്വദേശിനി രേഖ കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സംഭവത്തില്‍ നീലാങ്കര പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ പൊലീസ് സ്വീകരിച്ച നടപടികളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ വനിതാ കമ്മിഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

Signature-ad

സംഭവം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പൊങ്കലിനായി വീട്ടിലെത്തിയപ്പോഴാണു പെണ്‍കുട്ടി നേരിട്ടിരുന്ന പീഡനം പുറത്തറിഞ്ഞത്. രേഖയുടെ മാതാവ് ചെന്നൈയിലെ ഒരു വീട്ടില്‍ വീട്ടുജോലി ചെയ്യുകയാണ്. 12ാം ക്ലാസ് പൂര്‍ത്തിയാക്കിയ രേഖ ഏഴു മാസം മുന്‍പാണ് ചെന്നൈ തിരുവാണ്‍മിയൂരിലുള്ള ആന്റോയുടെ വീട്ടില്‍ ജോലിക്കായി എത്തിയത്.

അതിനിടെ, സംഭവത്തില്‍ വിശദീകരണവുമായി മെര്‍ലിനയും രംഗത്തെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനഃപൂര്‍വം കുടുംബത്തെ അവഹേളിക്കാന്‍ ശ്രമിക്കുകയാണെന്നും ജോലിക്കു നിന്ന സ്ത്രീയെ കുടുംബാംഗത്തെ പോലെയാണ് കണ്ടതെന്നും മെര്‍ലിനയുടേതായി പുറത്തുവന്ന ഓഡിയോ ക്ലിപ്പില്‍ പറയുന്നു. എല്ലാവരും ഇപ്പോള്‍ ഞങ്ങളുടെ കുടുംബത്തെ ചീത്ത പറയുകയാണ്. മൂന്നു ദിവസമായി ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കുന്നില്ല, മകളെ പോലും കാണാന്‍ സാധിക്കുന്നില്ല. ആരാണ് ഇതിനു പിന്നിലെന്ന് അറിയില്ലെന്നും മെര്‍ലിന പറഞ്ഞു.

 

 

Back to top button
error: