CrimeNEWS

മുന്‍ ഗവ.പ്ലീഡറുടെ പീഡനക്കേസ്; ഭീഷണിയെന്ന് ഇരയുടെ പരാതി

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി. മനുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഇരയുടെ കുടുംബം. യുവതിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടും മനുവിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് പോലീസിന്റെ വിധേയത്വം കൊണ്ടാണെന്നും കുടുംബം പരാതിയില്‍ ആരോപിക്കുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ഹിന്ദിക്കാരാണെന്ന് തോന്നിക്കുന്ന രണ്ട് യുവാക്കള്‍ വീട്ടിലെത്തിയെന്ന് പരാതിയില്‍ പറയുന്നു. പലതവണ കോളിങ് ബെല്‍ അടിച്ചിട്ടും തങ്ങള്‍ വാതില്‍ തുറക്കാതിരുന്നപ്പോള്‍ വാതിലില്‍ ആഞ്ഞടിച്ചു. പിറ്റേദിവസം റോഡരികില്‍ കൂടെ നടന്നു പോകുമ്പോള്‍ ഒരു കാര്‍ മനഃപൂര്‍വ്വം ഇടിപ്പിക്കാന്‍ ശ്രമിച്ചു. ചാടിമാറിയതിനാലാണ് രക്ഷപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു.

Signature-ad

ഇരയായ യുവതിയുടെ അമ്മയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മകള്‍ ഒന്നരമാസത്തിലേറെയായി മാനസിക പിരിമുറുക്കത്തിന് ചികിത്സയിലാണെന്നും പരാതിയില്‍ പറയുന്നു. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അഭിഭാഷകയായ അഡ്വ. പത്മലക്ഷ്മിയുടെ സഹായത്തോടെ ഇ-മെയില്‍ വഴിയാണ് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഗതികേടിന്റെ ശബ്ദമാണ് കുടുംബത്തിന്റെ പരാതിയെന്നും മുഖ്യമന്ത്രി അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നും അഡ്വ. പത്മലക്ഷ്മി പറഞ്ഞു.

പ്രതിയായ അഡ്വ. പി.ജി. മനു സ്വതന്ത്രമായി വിഹരിച്ച് നടക്കുകയാണ്. പ്രതിയെ എല്ലാ തരത്തിലും സഹായിക്കാന്‍ പാര്‍ട്ടിയിലും പോലീസിലും നിരവധി പേരുണ്ട്. ഒരു പാര്‍ട്ടി നേതാവിന്റെ കുടുംബത്തിനാണ് ഈ ദുര്‍ഗതി വന്നതെങ്കില്‍ രണ്ട് മാസം ഇങ്ങനെ പാഴാക്കി കളയുമായിരുന്നോ എന്നും പരാതിയില്‍ ചോദിക്കുന്നു.

അതേസമയം, പ്രതി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്. കഴിഞ്ഞ ഡിസംബര്‍ 22-നാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

 

Back to top button
error: