കൊച്ചി: ജനങ്ങളോടുള്ള ‘എടാ’, ‘പോടാ’, ‘നീ’ വിളികള്‍ പൊലീസ് മതിയാക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. ‘ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍; ആരും ആരുടെയും താഴെയല്ല’ കോടതി ഓര്‍മിപ്പിച്ചു. പൊലീസ് ജനങ്ങളോടു മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ വീണ്ടും സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈനായി കോടതിയില്‍ ഹാജരായ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇക്കാര്യം ഉറപ്പു നല്‍കി.
പാലക്കാട് ആലത്തൂര്‍ സ്റ്റേഷനിലെ എസ്‌ഐ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഇടപെട്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നടപടി. ആരോപണ വിധേയനായ എസ്‌ഐ വി.ആര്‍.റിനീഷിനെ താക്കീതോടെ സ്ഥലംമാറ്റിയെന്നും വകുപ്പു തല അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാകുമെന്നും ഡിജിപി വിശദീകരിച്ചു. തുടര്‍നടപടികളിലെ പുരോഗതി വിലയിരുത്താന്‍ ഫെബ്രുവരി ഒന്നിനു കേസ് വീണ്ടും പരിഗണിക്കും.
അപകടത്തില്‍പെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഡ്വ. ആക്വിബ് സുഹൈലിനോടു പൊലീസ് മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനിടെ എസ്‌ഐ റിനീഷിനെതിരെ അഭിഭാഷകന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ കോടതി നോട്ടിസ് പുറപ്പെടുവിച്ചു. ഈ ഉദ്യോഗസ്ഥന്‍ മുന്‍പു ജോലി ചെയ്ത ഹേമാംബിക നഗര്‍ സ്റ്റേഷനില്‍ പ്രശ്‌നം ഉണ്ടാക്കിയതു കൊണ്ടാണ് ആലത്തൂരിലേക്കു മാറ്റിയതെന്നും സ്ഥലംമാറ്റം ഒന്നിനും പരിഹാരമല്ലെന്നും കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
മറ്റുള്ളവര്‍ ചെറുതാണെന്നു കരുതുന്നതു കൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറാനാകുന്നതെന്നും ദേഷ്യമൊക്കെ സിനിമയിലേ പറ്റൂ എന്നും കോടതി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്കാണ് റിനീഷിനെ മാറ്റിയത്. അഡീഷനല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണവും നടക്കുന്നുണ്ട്.