Social MediaTRENDING
mythen18/01/2024
ഹിന്ദുവിൻ്റെ കഴിഞ്ഞ 500 വർഷത്തെ അഭിമാന പ്രശ്നങ്ങളിൽ എവിടെയെങ്കിലും അയോധ്യയിലെ രാമക്ഷേത്രം കടന്നു വന്നിരുന്നോ ??

നിശാന്ത് പരിയാരം എഴുതുന്നു:
500 വർഷം മുൻപ് ഹിന്ദുവിൻ്റെ അഭിമാനത്തിനേറ്റ മുറിവിന് മരുന്നുവയ്ക്കുകയാണ് അയോധ്യയിലെ രാമക്ഷേത്രമെന്നൊക്കെയാണ് സംഘപരിവാർ സുഹൃത്തുക്കൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം പ്രചരിപ്പിക്കുന്നത്..
സത്യത്തിൽ എത്ര ആലോചിച്ചിട്ടും ആ ആശയം മനസ്സിലാകുന്നേയില്ല …
ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ വക്താക്കൾ പ്രചരിപ്പിക്കുന്നതു പോലെ
നായരും പുലയനും നമ്പൂതിരിയും ഈഴവനും പണിയനും പറയനുമെല്ലാം ചേർന്ന നമ്മുടെ നാട്ടിലെ ഹിന്ദുവിൻ്റെ കഴിഞ്ഞ 500 വർഷത്തെ അഭിമാന പ്രശ്നങ്ങളിൽ എവിടെയെങ്കിലും അയോധ്യയിലെ രാമക്ഷേത്രം കടന്നു വന്നിരുന്നോ ??
അവരുടെ അഭിമാനത്തിന് ഏറ്റവും വലിയ ക്ഷതമേൽപിച്ചത് മുഗൾ ചക്രവർത്തിയായ ബാബറായിരുന്നോ??
കേരള സാഹചര്യത്തിൽ മാത്രം പരിശോധിക്കാം
നായരിൽ തുടങ്ങാം..
നായരെ കൊണ്ട് കഴിഞ്ഞ നൂറ്റാണ്ടുകളിലെല്ലാം ‘അടിയൻ’ എന്നു മാത്രം പറയിപ്പിച്ച് വായ്ക്കയ് പൊത്തി വാലുപോലെ പിന്നാലെ നടത്തിയത് ബാബറായിരുന്നോ?
ഗൃഹസ്ഥനായ നാട്ടിലെ ഏതെങ്കിലും നായരെ റാന്തൽ വിളക്കും തെളിച്ച് മുറ്റത്തു മഞ്ഞു കൊള്ളാൻ നിർത്തിയത് ബാബറായിരുന്നോ?
സംബന്ധത്താൽ കുഞ്ഞുങ്ങളെ പെറ്റുപോറ്റേണ്ടി വന്ന നായർ സ്ത്രീകളുടെ ദുരിതങ്ങൾക്ക് ഉത്തരവാദി ഏതെങ്കിലും മുഗൾ ചക്രവർത്തിയായിരുന്നോ..?
ശൂദ്രരായ നായർക്കും നമ്പ്യാർക്കുമെല്ലാം വേദവും സംസ്കൃതവും നിഷേധിച്ചത് ടിപ്പുസുൽത്താനായിരുന്നോ.. ?
മറക്കുടയ്ക്കുള്ളിലെ മഹാ നരകങ്ങളിൽ നമ്പൂതിരി സ്ത്രീകളെ നൂറ്റാണ്ടുകളോളം തളച്ചിട്ടത് അക്ബറായിരുന്നോ..?
ഈഴവർക്കും പുലയർക്കുമെല്ലാം ക്ഷേത്ര പ്രവേശനവും ക്ഷേത്രത്തിനു മുന്നിലെ പൊതുവഴി പോലും നിഷേധിച്ചത് ഔറംഗസീബായിരുന്നോ..??
അയിത്തവും തൊട്ടുകൂടായ്മയും തീണ്ടലും ഏർപ്പെടുത്തിയത് ഏതെങ്കിലും മുസ്ലീം ഭരണാധികാരിയായിരുന്നോ..?
കെട്ടിയ പെണ്ണിനെ ആദ്യരാത്രി തന്നെ ഏത് ഇസ്ലാമിക നാടുവാഴിക്കു മുന്നിലാണ് ഈ നാട്ടിലെ കീഴാള മനുഷ്യർക്ക് കാഴ്ച വയ്ക്കേണ്ടി വന്നത് ..??
കേട്ടാൽ അറപ്പു തോന്നുന്ന പേരു മാത്രം സ്വന്തം കുഞ്ഞുമക്കൾക്കിടേണ്ടി വന്ന കീഴാളൻ്റെ ഗതികേടിന് കാരണം ഹുമയൂണായിരുന്നോ..??
മലയപ്പുലയൻ്റെ വാഴക്കുല വെട്ടിക്കടത്തിയത്, കുഴികുത്തി കഞ്ഞി തന്നത്, ഏത് മുഗൾ നാടുവാഴിയായിരുന്നു .. ???
പണിയനെയും പറയനെയും രണ്ട് സെൻ്റ് കോളനിയിലെ അന്തേവാസിയാക്കിയത് ജഹാങ്കിറായിരുന്നോ..??
ആയിരം വർഷം ക്ഷേത്രത്തിനകത്തു മാത്രമല്ല ,ക്ഷേത്രത്തിലേക്കുള്ള പൊതുവഴിയിൽ പോലും പുഴുത്ത പട്ടികളെ പോലെ പ്രവേശനം നിഷേധിക്കപ്പെട്ട മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെയും പ്രധാന അഭിമാന പ്രശ്നം അയോധ്യയിലെ ഏതോ ഒരു ‘അമ്പലം – പള്ളി’ തർക്കമാണെന്ന് പറഞ്ഞ് ഫലിപ്പിക്കാനുള്ള , അത് വലിയൊരു വിഭാഗം മനുഷ്യരെയും വിശ്വസിപ്പിക്കാനുള്ള ആ സാമർത്ഥ്യമില്ലേ….
അതിന് അഭിനന്ദനങ്ങൾ..
കഴിവു വച്ചു നോക്കിയാൽ,ഹിന്ദുത്വരേ നിങ്ങൾ ഗീബൽസിൻ്റെ ശിഷ്യരല്ല..
അയാൾ പഠിച്ച യൂനിവേഴ്സിറ്റിയിലെ പ്രൊഫസർമാരാണ്…
– നിശാന്ത് പരിയാരം……






