ലഖ്‌നൗ: അപകടത്തില്‍ പരിക്കേറ്റ് വഴിയില്‍ ചോരവാര്‍ന്നു കിടന്നയാളെ രക്ഷിക്കാതെ ബാഗിലുണ്ടായിരുന്ന പണം തട്ടി യുവാക്കള്‍. ചോരവാര്‍ന്ന് യുവാവ് മരിച്ചതിന് പിന്നാലെ സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപര്‍വത് സ്വദേശികളായ ആകാശ്, പ്രവീണ്‍, രാകേഷ് എന്നിവരെയാണ് അറസ്റ് ചെയ്തിരിക്കുന്നത്.
ആഗ്രയില്‍ ദേശീയപാത 19ല്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. അമിതവേഗത്തിലെത്തിയ ട്രക്ക് മറ്റ വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബിസിനസുകാരനായ ധര്‍മേന്ദ്ര ഗുപ്ത (46) ഉള്‍പ്പടെ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ ചോരവാര്‍ന്ന് റോഡില്‍ കിടക്കുന്നതിനിടെയാണ് മൂന്ന് യുവാക്കള്‍ ബൈക്കില്‍ ഇതുവഴി കടന്നു പോയത്. ധര്‍മേന്ദ്ര ചോരവാര്‍ന്ന് കിടക്കുന്നത് കണ്ടിട്ടും ഇവര്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ ബാഗിലുണ്ടായിരുന്ന പണം കവര്‍ന്ന് രക്ഷപെട്ടു.
സംഭവസമയം ഏതാനും നാട്ടുകാരും അവിടെയുണ്ടായിരുന്നു. ധര്‍മേന്ദ്രയുടെ ബാഗിലുള്ള പണത്തെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കം നടക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. പണം പൊലീസിലേല്‍പ്പിക്കാമെന്ന് പറഞ്ഞാണ് യുവാക്കള്‍ ഇവര്‍ക്കിടയില്‍ നിന്ന് കടന്നത്. തുടര്‍ന്ന് കുറച്ചാളുകള്‍ ചേര്‍ന്ന് പരിക്കേറ്റവരെ അടുത്തുള്ള എസ്എസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
യുവാക്കള്‍ പണവുമായി കടന്നുകളയുന്നതിന്റെ ദൃശ്യം ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വീഡിയോ കണ്ടതോടെ പണം ധര്‍മേന്ദ്രയുടേതാണെന്നറിയിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ക്ഷീര വ്യാപാരിയാണ് ധര്‍മേന്ദ്ര. അപകടം നടക്കുന്ന ദിവസം മഥുരയില്‍ നിന്ന് ആഗ്രഹിയിലുള്ള തന്റെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം.
കയ്യില്‍ 1.5 ലക്ഷം രൂപയുണ്ടായിരുന്നതായി ധര്‍മേന്ദ്ര പറഞ്ഞിരുന്നതായാണ് സഹോദരന്‍ മഹേന്ദ്ര പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. രാത്രി ഏറെ വൈകിയും ധര്‍മേന്ദ്ര വീടെത്താഞ്ഞതിനാല്‍ ബന്ധുക്കള്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസ്എന്‍ ആശുപത്രിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചു. ആശുപത്രിയിലെത്തിക്കുമ്പോഴേ ധര്‍മേന്ദ്ര മരിച്ചിരുന്നതായാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.
പ്രതികളില്‍ നിന്ന് ധര്‍മേന്ദ്രയുടെ ആധാറും എടിഎം കാര്‍ഡും 9000 രൂപയും കണ്ടെടുത്തതായി ഹരിപര്‍വത് എസിപി ആദിത്യകുമാര്‍ അറിയിച്ചു.