KeralaNEWS

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലി പൊലീസ്

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കലക്ടറേറ്റിലേക്ക് മാര്‍ച്ച് എത്തുന്നതിന് മുന്‍പുതന്നെ ബാരിക്കേഡ് സ്ഥാപിച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു.

നഗരസഭ മന്ദിരത്തിലേക്ക് ഇരച്ചു കയറിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീ സ് ലാത്തിവീശി; ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിക്ക് നേരെ പ്രവര്‍ത്തകര്‍ കല്ലും കമ്പും വലിച്ചെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ശ്രമിച്ചു. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അരിത ബാബു ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.

Signature-ad

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണിനെ പൊലീസ് വളഞ്ഞിട്ട് തല്ലി. പ്രവീണിന്റെ തലയ്ക്കു പരുക്കേറ്റു. വനിതാ പ്രവര്‍ത്തകര്‍ക്കും ലാത്തിക്ക് തലക്കടിയേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം തലയ്ക്ക് പരുക്കേറ്റ് സൗത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രവര്‍ത്തകര്‍ക്കു പൊലീസ് ചികിത്സ നിഷേധിച്ചതായി പരാതിയുണ്ട്.

പരുക്കേറ്റ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രി ജംക്ഷനില്‍ റോഡ് ഉപരോധിച്ചു. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി. ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും എത്തിയിരുന്നു. ഏകദേശം രണ്ടു മണിക്കൂറോളം സംഘര്‍ഷം നീണ്ടുനിന്നു. ഗതാഗതക്കുരുക്കിനെ തുടര്‍ന്നു വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു.

 

 

Back to top button
error: