ആലപ്പുഴ: വീട്ടില്‍ക്കയറി നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് വാടയ്ക്കല്‍വെളിയില്‍ പ്രസന്ന(64)യാണു ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ മരിച്ചത്. കേസിലെ പ്രതി 17-ാം വാര്‍ഡ് കയറ്റുകാരന്‍പറമ്പുവീട്ടില്‍ സുധി(സുധിയപ്പന്‍-41) റിമാന്‍ഡിലാണ്. ഇയാള്‍ക്കെതിരേ കൊലപാതകക്കേസ് ചുമത്തി. മറ്റൊരു കൊലക്കേസിലും പ്രതിയാണ്. ആക്രമണത്തില്‍ പ്രസന്നയുടെ മകന്‍ വിനീഷി(36)നും പരിക്കേറ്റിരുന്നു.
ശനിയാഴ്ച വൈകുന്നേരം നാലരയ്ക്കായിരുന്നു സംഭവം. സുധിയുടെ ഭാര്യ ഒരുമാസംമുന്‍പ് വിനീഷിന്റെകൂടെ ഇറങ്ങിവന്നതാണു വൈരാഗ്യത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. ഇവര്‍ വിനീഷിന്റെ വീട്ടിലാണു താമസം. മക്കള്‍ സുധിയുടെ കൂടെയും.
സുധിയുടെ മകന്റെ ചികിത്സയ്ക്കായി നാട്ടുകാരില്‍നിന്നു സമാഹരിച്ച തുക ഭാര്യയുടെ അക്കൗണ്ടിലാണ് ഇട്ടിരുന്നത്. പൈസ ചോദിക്കാനാണു പ്രസന്നയുടെ വീട്ടിലെത്തിയതെന്നാണു സുധിയുടെ മൊഴി. തര്‍ക്കത്തെത്തുടര്‍ന്ന് ഇരുമ്പുപൈപ്പുകൊണ്ട് പ്രസന്നയുടെ തലയ്ക്കടിച്ച് രക്ഷപ്പെടുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണു വിനീഷിനു പരിക്കേറ്റത്.തുടര്‍ന്ന് നാട്ടുകാരാണു പ്രതിയെ പുന്നപ്ര പോലീസിനു കൈമാറിയത്. ഇയാള്‍ പ്രതിയായ പുന്നമട അഭിലാഷ് വധക്കേസില്‍ വിചാരണ നടന്നുവരുകയാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു പ്രസന്ന. നേരത്തേതന്നെ ഇവര്‍ക്കു കാഴ്ചയും ചലനശേഷിയും കുറവായിരുന്നു. മോര്‍ച്ചറിയിലുള്ള മൃതദേഹം വ്യാഴാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തും. ഭര്‍ത്താവ്: പരേതനായ ബാബു. മക്കള്‍: വിനോദ്, വിനീഷ്, വിനിത. മരുമക്കള്‍: സുചിത്ര, സനല്‍.