KeralaNEWS

തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയെച്ചൊല്ലി സി.പി.ഐയില്‍ ആശയക്കുഴപ്പം; വി.എസ് സുനില്‍കുമാര്‍ തൃശൂരില്‍ മത്സരിക്കാന്‍ സാധ്യത

തിരുവനന്തപുരം: ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറി ആയതോടെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് സി.പി.ഐയില്‍ ആശയക്കുഴപ്പം. തൃശൂരില്‍ വി.എസ് സുനില്‍കുമാര്‍ മത്സരിക്കാനുള്ള സാധ്യത വര്‍ധിച്ചെങ്കിലും മാവേലിക്കര, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കാര്യമായ ചര്‍ച്ചകളൊന്നും ഇതുവരെ പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടില്ല.

പലതരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തിയിട്ടും സമീപകാലത്ത് ഒന്നും സി.പി.ഐ ജയിച്ച് കയറാത്ത ലോക്സഭാ മണ്ഡലമാണ് തിരുവനന്തപുരം. പാര്‍ട്ടി സ്ഥാനാര്‍ഥിയേയും പൊതുസ്വതന്ത്രരേയും എല്ലാം കളത്തിലിറക്കിയിട്ടും ശശി തരൂരിന് മുന്നില്‍ വിജയക്കൊടി നാട്ടാന്‍ കഴിയാത്ത മണ്ഡലം. മുതിര്‍ന്ന നേതാവായ ബിനോയ് വിശ്വത്തെ ഇറക്കി ഇത്തവണ മത്സരം കടുപ്പിക്കാം എന്ന് കരുതിയിരുന്നപ്പോഴാണ് കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗം.

Signature-ad

ഇതോടെ ബിനോയ് സെക്രട്ടറിയുടെ കസേരയിലെത്തി, സംസ്ഥാന സെക്രട്ടറിമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പതിവ് സി.പി.ഐക്കില്ല. നിനച്ചിരിക്കാതെ കിട്ടിയ സെക്രട്ടറി പദം ഒഴിഞ്ഞ് മത്സരത്തിനിറങ്ങാന്‍ ബിനോയ് വിശ്വം തയ്യാറാകാനും സാധ്യതയില്ല. പിന്നെയാര് എന്ന ചോദ്യമാണ് സി.പി.ഐയ്ക്കുള്ളിലുള്ളത്. ആനി രാജയുടെ പേര് നേരത്തെ ഉയര്‍ന്നു കേട്ടെങ്കിലും കാനം വിരുദ്ധ പക്ഷത്തായതുകൊണ്ട് അത് അന്ന് തന്നെ വെട്ടിയ പേരുകളുടെ കൂട്ടത്തിലായിരിന്നു. എന്നാല്‍, ഇപ്പോള്‍ അങ്ങനെയുള്ള പ്രശ്നം ഇല്ലാത്തതിനാല്‍ ആനി രാജയുടെയും മകള്‍ അപരാജിതയുടേയും പേരുകള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഇതല്ലെങ്കില്‍ പൊതു സ്വതന്ത്രര്‍ എന്ന പരീക്ഷണം വീണ്ടും നടത്തേണ്ടി വരും.

തൃശൂരില്‍ മുന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ബി.ജെ.പിക്ക് വേണ്ടി സുരേഷ് ഗോപി കൂടി വരുന്നതോടെ കേരളത്തില്‍ എറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായി തൃശ്ശൂര്‍ മാറും. മാവേലിക്കരയില്‍ സി. അരുണ്‍കുമാറിന്റെയും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെയും പേരുകളാണ് കേള്‍ക്കുന്നത്. കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലായിട്ടാണ് മാവേലിക്കര മണ്ഡലം പരന്ന് കിടക്കുന്നത്. ഇതുകൊണ്ട് ഈ ജില്ലാ കമ്മിറ്റികളുടെ അഭിപ്രായവും പരിഗണിച്ചായിരിക്കും സ്ഥാനാര്‍ഥിനിര്‍ണയം. വയനാട് മണ്ഡലമാണ് സി.പി.ഐയെ വട്ടം കറക്കുന്നത്. അസിസ്റ്റന്റ് സെക്രട്ടറി പി.പി സുനീറും, സത്യന്‍ മൊകേരിയും പരാജയത്തിന്റെ രുചിയറിഞ്ഞത് വയനാട്ടില്‍ നിന്നാണ്. രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ വന്നാലും ഇല്ലെങ്കിലും അവിടെ ആരെ മത്സരിപ്പിക്കുമെന്ന ചോദ്യത്തിന് സി.പി.ഐ്ക്ക് ഇതുവരെ ഉത്തരമില്ല.

 

Back to top button
error: