ബംഗളുരു: അയോധ്യയില്‍ പുതുതായി നിര്‍മ്മിച്ച രാമക്ഷേത്രത്തിലെ പ്രതിഷ്ഠ തിരഞ്ഞെടുത്തു. കര്‍ണാടകക്കാരനായ ശില്‍പ്പി യോഗിരാജ് അരുണ്‍ നിര്‍മ്മിച്ചെടുത്ത രാമവിഗ്രഹമാണ് പ്രതിഷ്ഠിക്കുക. ഇത് രാമന്റെ ബാലരൂപമാണ്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.
ജനുവരി 22നാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ ചടങ്ങിനെത്തുന്നുണ്ട്. യോഗിരാജിനെ അഭിനന്ദിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ രംഗത്തെത്തി. മൈസൂരുകാരനാണ് യോഗിരാജ്.
ശില്‍പ്പത്തിന്റെ പണി പൂര്‍ത്തിയായ വിവരം നേരത്തേ രാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിയായ ബിമലേന്ദ്ര മോഹന്‍ പ്രതാപ് മിശ്ര അറിയിച്ചിരുന്നു. അതിമനോഹരമാണ് ശില്പ്പമെന്ന് അദ്ദേഹം പറഞ്ഞു. ശില്‍പ്പം നമ്മോട് സംസാരിക്കുന്നതായി തോന്നും. നിരവധി ശില്‍പ്പങ്ങള്‍ക്കിടയില്‍ ഈ ശില്‍പ്പത്തിലേക്ക് നമ്മുടെ കണ്ണുകള്‍ അറിയാതെ പോയി ചേരുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വയസ്സ് പ്രായമുള്ള രാമനെയാണ് ശില്‍പ്പി നിര്‍മ്മിച്ചിരിക്കുന്നത്. 51 ഇഞ്ചാണ് ശില്‍പ്പത്തിന്റെ ഉയരം. മൂന്ന് ഡിസൈനുകളാണ് ശില്‍പ്പി ഉണ്ടാക്കിയത്. അതില്‍നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുകയായിരുന്നു.