മലപ്പുറം: താനൂരില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. താനൂര്‍ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പറ്റിക്കാന്‍ വേണ്ടിയാണ് ചെയ്തതെന്നാണ് പ്രതികളുടെ മൊഴിയെന്ന് പൊലീസ് പറയുന്നു.
ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. കുട്ടിയുടെ അയല്‍വാസികള്‍ തന്നെയാണ് സ്‌കൂട്ടറില്‍ എത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മുഖം മറച്ചിരുന്നു. അതുകൊണ്ട് കുട്ടിക്ക് ഇവരെ മനസിലായില്ല.
കുട്ടി ബഹളം വെച്ച് കുതറിയോടാന്‍ തുടങ്ങിയതോടെയാണ് ഇവര്‍ പിന്മാറിയത്. തുടര്‍ന്ന് സ്‌കൂട്ടറില്‍ കയറി ഇരുവരും രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത താനൂര്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യുമ്പോഴാണ് കുട്ടികളെ പറ്റിക്കാന്‍ വേണ്ടിയാണ് ചെയ്തതെന്നും തട്ടിക്കൊണ്ടുപോകാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതികള്‍ മൊഴി നല്‍കിയതെന്നും പൊലീസ് പറയുന്നു.
പ്രതികളെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ, ഇവര്‍ തട്ടിക്കൊണ്ടുപോകാനായിരിക്കില്ലെന്നും പറ്റിക്കാന്‍ വേണ്ടിയായിരിക്കുമെന്നും ബന്ധുക്കള്‍ക്ക് ബോധ്യപ്പെട്ടു. ഇവര്‍ അയല്‍വാസികളാണ്. എന്നാല്‍ അതിരുവിട്ട പ്രവൃത്തിയായി കണക്കാക്കി ഇരുവര്‍ക്കുമെതിരെ താനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടികളെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.