NEWSWorld

ഇസ്രയേല്‍ ആക്രമണത്തില്‍ സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെട്ടു; കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍

ടെഹ്റാന്‍: സിറിയയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ റെവലൂഷണറി ഗാര്‍ഡിന്റെ മുതിര്‍ന്ന സൈനിക ജനറല്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്‌ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സി(ഐആര്‍ജിസി)ന്റെ വിദേശവിഭാഗമായ ഖുദ്ദുസ് ഫോഴ്‌സിന്റെ മുതിര്‍ന്ന ഉപദേശകരില്‍ ഒരാളായ റാസി മൗസവിയാണ് കൊല്ലപ്പെട്ടത്. റാസിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി, ഈ ആക്രമണത്തിന് ഇസ്രയേല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നു മുന്നറിയിപ്പ് നല്‍കി.

സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡമാസ്‌കസിന്റെ പ്രാന്തപ്രദേശമായ സെയ്‌നാബിയയില്‍ നടത്തിയ ആക്രമണത്തിലാണ് ജനറല്‍ മൗസവി കൊല്ലപ്പെട്ടതെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറിയയില്‍ ഇറാന്‍ സൈന്യത്തിന്റെ വിപുലീകരണം അനുവദിക്കില്ലെന്ന ഉറച്ച് നിലപാട് ഇസ്രയേല്‍ തുടരുന്നതിനിടെയാണ് സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെടുന്നത്.

Signature-ad

2020 ജനുവരിയില്‍ യുഎസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ അടുത്ത കൂട്ടാളിയാണ് റാസി മൗസവി. അടുത്ത ആഴ്ച ഖാസിമിന്റെ നാലാം ചരമവാര്‍ഷികം ആചരിക്കാനിരിക്കെയാണ് മൗസവിയുടെ കൊലപാതകം.

മൂന്നു മിസൈലുകളാണ് മൗസവിയെ ലക്ഷ്യംവച്ചെത്തിയതെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമം അറിയിച്ചു. ആക്രമണം അരങ്ങേറിയ സ്ഥലത്തു നിന്ന് പുകപടലങ്ങള്‍ ഉയരുന്നതിന്റെ ദൃശ്യം ഇവര്‍ പുറത്തുവിട്ടു. പ്രദേശത്തുനിന്ന് വലിയ സ്‌ഫോടനശബ്ദം ഉയര്‍ന്നെന്നും കനത്ത പുക ഉയര്‍ന്നെന്നും പ്രദേശവാസികള്‍ അറിയിച്ചു.

അതേസമയം, ഇറാഖില്‍ ഇറാന്‍ പിന്തുണയുള്ള സായുധസംഘങ്ങളുടെ ആക്രമണത്തില്‍ മൂന്ന് യു.എസ്. പൗരന്മാര്‍ക്ക് പരിക്കേറ്റു. ഇതിലൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പെന്റഗണ്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ യുഎസ് തിരിച്ചടി തുടങ്ങി.

Back to top button
error: