ന്യൂ ഡല്‍ഹി: ഇന്ത്യൻ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐ.സി.എം.ആര്‍) ഡേറ്റ ബാങ്കില്‍ നിന്ന് 81 കോടിയിലധികം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനക്കുവെച്ച സംഭവത്തില്‍ നാലുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് സംസ്ഥാനങ്ങളില്‍നിന്നുള്ള നാലുപേരെയാണ് നിലവില്‍ പിടികൂടിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഡേറ്റ ചോര്‍ച്ചയാണിത്.അമേരിക്കൻ സൈബര്‍ സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് ഏജൻസിയാണ് ആദ്യം ഈ ഡേറ്റ ചോര്‍ച്ച കണ്ടെത്തിയത്.
ഒഡിഷ സ്വദേശിയായ ബി.ടെക് ബിരുദധാരി, ഹരിയാന സ്വദേശികളായ രണ്ടുപേര്‍, മധ്യപ്രദേശിലെ ഝാൻസിയില്‍നിന്നുള്ള ഒരാള്‍ എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി കോടതി ഇവരെ ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ആധാര്‍, പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഒക്ടോബറില്‍ ഡാര്‍ക്ക് വെബില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര ഏജൻസികള്‍ നടത്തിയ പരിശോധനയില്‍ വൻ ഡേറ്റ ചോര്‍ച്ച നടന്നതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഡിസംബര്‍ തുടക്കത്തില്‍ ഡല്‍ഹി പൊലീസ് സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.