ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കടന്നുകയറി അതിക്രമം കാണിച്ച അക്രമികളില്‍ ഒരാളെ സഭയ്ക്കുള്ളില്‍വെച്ച് പിടികൂടിയത് കോണ്‍ഗ്രസ് എം.പി ഗുര്‍ജീത് സിങ് ഓജ്‌ല. സന്ദര്‍ശക ഗാലറിയില്‍നിന്ന് അക്രമികള്‍ താഴേക്ക് ചാടി സ്പ്രേ അടിച്ചതോടെ ചില എം.പിമാര്‍ സഭയ്ക്ക് പുറത്തേക്ക് ഓടി. ചിലര്‍ അക്രമികളെ പിടികൂടാന്‍ അവര്‍ക്ക് നേരേയും പാഞ്ഞടുത്തു. ഇതിനിടെയാണ് കോണ്‍ഗ്രസ് എം.പി ഗുര്‍ജീത് സിങ് ഓജ്ല അക്രമിയെ ബലമായി പിടിച്ചുവെച്ചത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഗുര്‍ജീത് സിങ് ഓജ്ല വിവരിക്കുന്നത് ഇങ്ങനെ:
”മഞ്ഞ നിറത്തിലുള്ള പുക പുറത്തേക്ക് വിടുന്ന എന്തോ ഒരു സാധനം അയാളുടെ കൈയിലുണ്ടായിരുന്നു. ഞാന്‍ അത് തട്ടിപ്പറിക്കുകയും പുറത്തേക്ക് എറിയുകയും ചെയ്തു. ഇന്നത്തെ സംഭവം വലിയൊരു സുരക്ഷാവീഴ്ചയാണ്’, സംഭവത്തിന് പിന്നാലെ ഗുര്‍ജീത് സിങ് ഓജ്ല പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. പഞ്ചാബിലെ അമൃത്സറില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിയാണ് ഗുര്‍ജീത് സിങ്. ഇദ്ദേഹത്തിന് പുറമേ ആര്‍എല്‍പി നേതാവ് ഹനുമാന്‍ ബെനിവാളും അക്രമികളെ പിടികൂടിയ എം.പിമാരില്‍ ഉണ്ടായിരുന്നു. ‘പിടികൂടിയതോടെ അക്രമി ഷൂവിനുള്ളില്‍ നിന്ന് എന്തോ എടുത്ത് സ്പ്രേ ചെയ്തു, പിന്നാലെയാണ് രണ്ടാമനേയും പിടികൂടിയത്” ബെനിവാള്‍ പറഞ്ഞു.
അക്രമികളില്‍ ഒരാളുടെ പേര് സാഗര്‍ ശര്‍മ എന്നാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ലമെന്റ് പ്രവേശനത്തിനായി ഇയാള്‍ക്ക് പാസ് നല്‍കിയത് ബിജെപി മൈസൂര്‍ എംപിയായ പ്രതാപ് സിംഹയാണെന്നാണ് റിപ്പോര്‍ട്ട്. അക്രമകളില്‍ ഒരാളുടെതെന്ന് കരുതുന്ന ആധാര്‍ കാര്‍ഡും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സഭയ്ക്കുള്ളില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ആക്രമണത്തില്‍ നിലവില്‍ പിടിയിലായവരില്‍ രണ്ടുപേര്‍ പാര്‍ലമെന്റിന് പുറത്ത് മഞ്ഞ നിറത്തിലുള്ള സ്പ്രേ അടിച്ച് അതിക്രമം കാണിച്ചവരാണ്. സഭയ്ക്കുള്ളില്‍ അക്രമം നടന്നതിന് തൊട്ടുപിന്നാലെ ട്രാന്‍സ്പോര്‍ട്ട് ഭവന് മുന്നില്‍വെച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം അക്രമികള്‍ക്ക് എങ്ങനെ പാര്‍ലമെന്റിനുള്ളിലേക്ക് പ്രവേശിക്കാനായെന്നും ആരാണ് ഇവര്‍ക്ക് പാസ് നല്‍കിയതെന്ന് അന്വേഷിക്കണമെന്നും ബിഎസ്പി എംപി ഡാനിഷ് അലി ആവശ്യപ്പെട്ടു.
അതിക്രമം കാണിച്ച രണ്ടുപേരും മുദ്രാവാക്യം വിളിച്ചിരുന്നതായും സ്പീക്കര്‍ക്ക് നേരെ പാഞ്ഞടുക്കാന്‍ ശ്രമിച്ചതായും കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം പറഞ്ഞു. ”പെട്ടെന്ന് 20 വയസ്സോളം പ്രായം തോന്നിക്കുന്ന രണ്ടു യുവാക്കള്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും സഭയിലേക്ക് ചാടി വീഴുകയായിരുന്നു. അവരുടെ കൈയ്യിലുണ്ടായിരുന്ന കാനുകളില്‍ നിന്നും മഞ്ഞ പുക പുറത്തുവരുന്നുണ്ടായിരുന്നു. ഇതിനിടെ അക്രമികളിലരാള്‍ സ്പീക്കറുടെ കസേരയ്ക്കടുത്തേക്ക് ഓടാനായി ശ്രമിച്ചു. എന്തോ മുദ്രാവാക്യവും അവര്‍ മുഴക്കുന്നുണ്ടായിരുന്നു. ആ പുക ചിലപ്പോള്‍ വിഷാംശമുള്ളതായിരിക്കാം. 2001ല്‍ പാര്‍ലമെന്ററി ആക്രമണം ഉണ്ടായ ഡിസംബര്‍ 13ന് തന്നെ ഇങ്ങനെയൊരു സംഭവമുണ്ടായത് കനത്ത സുരക്ഷാ വീഴ്ചയാണ്” – കാര്‍ത്തി ചിദംബരം പറഞ്ഞു.