വരൂ, കുളിരിന്റെ കൂടാരത്തിൽ രാപാർക്കാം, ഡിസംബറിലെ ശൈത്യകാലം ആസ്വദിക്കാൻ ഈ മനോഹര സ്ഥലങ്ങളിലേക്ക് യാത്ര പോകാം
ഡിസംബർ വർഷത്തിലെ അവസാന മാസമാണ്, മാത്രമല്ല സന്തോഷകരമായ മാസമായി കണക്കാക്കപ്പെടുന്നു, കാരണം എല്ലാവരും അവധിക്കാല ആവേശത്തിലാണ്. ക്രിസ്‌മസും പുതുവർഷവും അടുത്തിരിക്കെ, പല ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരാഴ്ചയിലേറെ അടച്ചിടുന്നു. പലരും പങ്കാളികൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം അവധിക്കാല യാത്രയ്ക്ക് ആസൂത്രണം ചെയ്യുന്നു.
ഇന്ത്യയിലെ പല ഹിൽ സ്റ്റേഷനുകളിളും മഞ്ഞുവീഴ്ചയും മഞ്ഞുപുതപ്പിനടിയിൽ ഒളിച്ചിരിക്കുന്നതുമായ മനോഹര ദൃശ്യങ്ങൾ ഡിസംബർ സമ്മാനിക്കുന്ന കാഴ്ചയാണ്. മഞ്ഞിനാൽ ചുറ്റപ്പെട്ട പ്രദേശത്ത് അവധിക്കാലം ചിലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ യാത്ര ചെയ്യാൻ പറ്റിയ ചില സ്ഥലങ്ങൾ ഇതാ.
കശ്മീർ
പഹൽഗാം, സോൻമാർഗ് മുതൽ ഗുൽമാർഗ് വരെയുള്ള കശ്മീരിലെ ഹിൽ സ്റ്റേഷനുകൾ നിലവിൽ മഞ്ഞുമൂടിയ നിലയിലാണ്. താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെ. ഡിസംബറിൽ, സ്കീയിംഗ് പ്രേമികളുടെ പ്രിയപ്പെട്ട സ്ഥലമാണ് കശ്മീർ. മഞ്ഞു പെയ്യുമ്പോൾ മാത്രമാണ് കശ്മീരിൽ പല സ്ഥലങ്ങളും തുറക്കുന്നത് തന്നെ. ഈ സ്ഥലങ്ങളിലേക്കെല്ലാം ശ്രീനഗറിൽ നിന്ന് റോഡ് മാർഗം എളുപ്പത്തിൽ എത്തിച്ചേരാം. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഗുൽമാർഗിൽ താമസിക്കാം, മഞ്ഞുകാലത്ത് സംഘടിപ്പിക്കുന്ന പ്രാദേശിക ആഘോഷങ്ങളിൽ ഏർപ്പെടാനും ഭംഗി ആസ്വദിക്കാനും കഴിയും.
ഓലി, ഉത്തരാഖണ്ഡ്
ഡിസംബറിൽ ഉത്തരാഖണ്ഡിലെ ഓലി മഞ്ഞുമൂടിയതായി കാണപ്പെടുന്നു. ഇവിടേക്കുള്ള യാത്രയിൽ ജോഷിമഠ്, ഗോർസൺ ബുഗ്യാൽ, ഛത്രകുണ്ഡ് തടാകം, രുദ്രപ്രയാഗ് എന്നിവ സന്ദർശിക്കാനും കഴിയും. ഓലിയിൽ ഏറ്റവും കുറഞ്ഞ താപനില -8 ഡിഗ്രി സെൽഷ്യസിനു താഴെയാകാം. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ക്യാമ്പിംഗ്, സ്കീയിംഗ്, ട്രക്കിംഗ്, റോപ്‌വേ റൈഡിംഗ് എന്നിവ ആസ്വദിക്കാൻ പറ്റിയ സ്ഥലമാണിത്. ഏറ്റവും മികച്ച വിഭവങ്ങൾ ആസ്വദിക്കാൻ നിരവധി ഭക്ഷണപ്രിയരും ഇവിടെയെത്തുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2,800 മീറ്റര്‍ (9187 അടി) ഉയരത്തില്‍, ഹിമാലയന്‍ മലനിരകള്‍ക്കിടയിലുള്ള ഈ പ്രദേശത്തെ പ്രാദേശികമായി ബുഗ്യാല്‍ എന്നാണ് വിളിക്കുന്നത്.
ലഡാക്ക്
ഡിസംബറിൽ സഞ്ചാരികൾക്ക് കാണാതിരിക്കാൻ കഴിയാത്ത ശൈത്യകാല വിസ്മയഭൂമിയാണ് ലഡാക്ക്. ശ്രീനഗർ-ലേ, മണാലി-ലേ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച കാരണം സാധാരണയായി അടച്ചിട്ടിരിക്കുന്നതിനാൽ റോഡ് വഴി യാത്ര പ്ലാൻ ചെയ്യാൻ കഴിയില്ല, പക്ഷേ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം. ചില സ്ഥലങ്ങളിൽ, കടുത്ത മഞ്ഞുവീഴ്ചയും തണുപ്പും ആയതിനാൽ, കഠിനമായ ഈ കാലാവസ്ഥയിൽ ആരോഗ്യത്തിലും ശ്രദ്ധവേണം. ഡിസംബറിൽ നിങ്ങൾക്ക് ത്സോ മോറിരി (Tso Moriri), നുബ്ര വാലി, ലമയൂർ, ഷാം വാലി, ചാങ്താങ്, ചാങ് ലാ പാസ്, ഖാർദുങ് ലാ പാസ് എന്നിവ സന്ദർശിക്കാം.
മണാലി, ഹിമാചൽ പ്രദേശ്
വിനോദസഞ്ചാരികളുടെ ഒഴുക്കായിരിക്കും ഈ മാസത്തിൽ ഹിമാചൽ പ്രദേശിലെ മണാലിയിലേക്ക്. മഞ്ഞിൽ പൊതിഞ്ഞ് കിടക്കുന്ന പർവത നിരകളും താഴ്‌വാഴ്രങ്ങളും ദേവതാരു തോട്ടങ്ങളും അതിനിടയിലൂടെ ഒഴുകുന്ന ബിയാസ് നദിയും പിന്നെ ട്രക്കിങ്ങും ഹൈക്കിങ്ങും അഡ്വഞ്ചർ ആക്ടിവിറ്റികളും സഞ്ചാരികളെ മണാലിയിലേക്ക് അടുപ്പിക്കുന്നു. ഹെലികോപ്റ്റർ സവാരി, കേബിൾ കാർ സവാരി, പാരാഗ്ലൈഡിംഗ്, സ്കീയിംഗ്, സോർബിംഗ് എന്നിവയിലും ഏർപ്പെടാം. സമുദ്ര നിരപ്പിൽ നുന്നും 2020 മീറ്റർ അഥവാ 6398 അടി ഉയരത്തിലാണ് മണാലി സ്ഥിതി ചെയ്യുന്നത്. ഹംതാ പാസ് ട്രക്ക്, ചന്ദ്രഖാനി പാസ് ട്രക്ക്, ചന്ദ്രതാൽ ലേക്ക് ട്രക്ക്, ബിയാസ്കുണ്ഡ് ട്രക്ക് തുടങ്ങിയ പ്രശസ്തമായ പല ട്രക്കിങ്ങുകളുടെയും ബേസ് ക്യാംപ് കൂടിയാണ് മണാലി.