Breaking NewsKeralaLead NewsLocalNEWSpolitics

വിഎസിന്റെ സ്വന്തം മലമ്പുഴയിൽ പോരിനിറങ്ങുക മകനും സന്തതസഹചാരിയും; സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചേക്കും; അരുൺകുമാറിനെ രംഗത്തിറക്കാനുള്ള നീക്കത്തിൽ സിപിഐഎം

പാലക്കാട്: മലമ്പുഴയിൽ വി എസ് അച്യുതാനന്ദൻ്റെ മകൻ വി എ അരുൺ കുമാറിനെ മലമ്പുഴയിൽ മത്സരിപ്പിക്കാൻ സിപിഐഎം ആലോചന. അച്യുതാനന്ദൻ്റെ മുൻ പി എ സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സിപിഐഎമ്മിൻ്റെ ഈനനീക്കം. പാർട്ടി പറഞ്ഞാൽ മത്സരിക്കാമെന്ന നിലപാടിലാണ് അരുൺകുമാർ. അരുൺകുമാർ മലമ്പുഴയിൽ മത്സരിക്കുന്നതിനോട് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വത്തിനും എതിർപ്പില്ലെന്നാണ് സൂചന. അരുൺ മത്സരിച്ചാൽ തെരഞ്ഞെടുപ്പിൽ ‘വി എസ് ഫാക്‌ടർ’ നിലനിർത്താനാകുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പിൽ അരുൺകുമാറിനെ നേരിട്ടത് സംബന്ധിച്ച ചോദ്യത്തോട് പുനർവിചിന്തനം ആവശ്യമായ ചോദ്യമാണെന്നായിരുന്നു സുരേഷ് പ്രതികരിച്ചത്. ‘കുഴയ്ക്കുന്ന ചോദ്യമാണ്. പുനർവിചിന്തനം ആവശ്യമായ ചോദ്യമാണ്. ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മത്സരമായിരിക്കും’, സുരേഷ് കുമാർ പറഞ്ഞു.

Signature-ad

ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട് എത്തുമ്പോൾ സുരേഷ് പങ്കെടുക്കും. വി ഡി സതീശൻ നേരിട്ടാണ് സുരേഷിനെ യാത്രയിലേക്ക് ക്ഷണിച്ചത്. മലമ്പുഴയിൽ മത്സരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് നേരത്തെ സുരേഷുമായി സംസാരിച്ചിരുന്നു.

ഇടതുപക്ഷ മനസ്സ് കാത്തുസൂക്ഷിക്കുന്നയാളാണ് താനെന്നും ഇതുവരെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്നും എ സുരേഷ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാർത്ഥിത്വം താനല്ല തീരുമാനിക്കേണ്ടത്. സ്ഥാനാർത്ഥിയാവുകയാണെങ്കിൽ ഒരു പാർട്ടിയെ പ്രതിനിധികരിച്ച് മത്സരിക്കില്ല. എം വി ഗോവിന്ദന് മറുപടി പറയാന് തക്ക ആളല്ല താനെന്നും സുരേഷ് പറഞ്ഞു. സുരേഷ് മത്സരിക്കുകയാണെങ്കിൽ ഒറ്റ പാർട്ടിവോട്ട് പോലും കിട്ടില്ലെന്ന് എം വി ഗോവിന്ദൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

‘പുതുയുഗ യാത്രയിൽ പങ്കെടുക്കും. സ്വന്തം നിലപാട് കാത്തുസൂക്ഷിക്കുന്നയാളാണ് താൻ. പാർട്ടിക്ക് മൂല്യശോഷണം സംഭവിച്ചെന്നും തിരുത്തൽ പ്രക്രിയനടത്തണമെന്നും പാർട്ടി സമ്മേളനത്തിൽ തന്നെ ഉയർന്ന കാര്യമാണ്. ഇത്രയും വലിയ അപമാനം നേരിടാൻ തക്ക തെറ്റ് താൻ ചെയ്തിട്ടില്ല. എന്തിനാണ് പുറത്തുനിർത്തിയതെന്ന് ഉത്തരം കിട്ടാത്ത ചോദ്യമാണെന്നും എ സുരേഷ് പറഞ്ഞു. കോൺഗ്രസിൽ ചേരില്ല’ എന്നും സുരേഷ് വ്യക്തമാക്കി.

‘നൂറ് തവണ അപ്പീൽ കൊടുത്താലും തിരിച്ചെടുക്കില്ല എന്നാണ് പറഞ്ഞത്. ഞാൻ വഴിയാധാരമായി. മഴയത്തും വെയിലത്തും നിൽക്കുകയാണ്. ഞാൻ മരിക്കണോ? എൻ്റെ ഭാവിയെക്കുറിച്ച് എനിക്ക് ഉത്കണ്ഠയുണ്ട്. രാഷ്ട്രീയം പറയാനുള്ള വേദിയാണ് തെരഞ്ഞെടുപ്പ്’ എന്നും എ സുരേഷ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: