ശബരിമല: സന്നിധാനത്തും ശരണപാതയിലും അസ്വഭാവികമായി എന്തെങ്കിലും കണ്ടാല്‍ ഞൊടിയിടയില്‍ അവിടേയ്ക്ക് പാഞ്ഞെത്തും.അത് കുരങ്ങായിക്കോട്ടെ ചെറിയ പക്ഷികള്‍ ആയിക്കോട്ടെ. അവയെ കുരച്ച് തുരത്തി അയ്യപ്പന്മാര്ക്ക് സുഖയാത്ര ഒരുക്കാന്‍ അമ്മിണിയെന്ന നായ ഉണ്ടാകും.
രാവിലെ മുതല്‍ ശരണപാതയുടെ വിവിധ ഭാഗങ്ങളില്‍ അമ്മിണി ഉണ്ടാകും. തീര്‍ത്ഥാടകര്‍ക്ക് തടസമായി ഒന്നും ഉണ്ടാകാന്‍ അമ്മിണി അനുവധിക്കില്ല.
തന്റെ ശക്തിയും ശൗര്യവും ഉപയോഗിച്ച് എല്ലാ തടസങ്ങളേയും അകറ്റിക്കൊടുക്കും. കാട്ടുമൃഗങ്ങളോടു മാത്രമാണ് അമ്മിണിയുടെ ശൗര്യം. തീര്‍ത്ഥാടകരോട് സ്നേഹം മാത്രമാണ് അമ്മിണിക്കുള്ളത്. ഒരു തീര്ത്ഥാടകന് നേരെയും അമ്മിണി ദേഷ്യപ്പെട്ടിട്ടില്ല. ചന്ദ്രാനന്ദന്‍ റോഡില്‍ സദാ ജാഗ്രതയോടെ അമ്മിണി ഉണ്ടാകും.
സന്നിധാനത്തെ മണിയന് ആട് കഴിഞ്ഞാല്‍ ഭക്തരുടെ മനം കവരുന്ന ആളായി അമ്മിണി മാറിയിരിക്കുകയാണ്.
കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് മാളികപ്പുറം ക്ഷേത്രത്തിലെ മേല്‍ശാന്തി ഹരിഹരന് നമ്ബൂതിരിയും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്ന വിജയകുമാറും ദീപക്കും ചേര്‍ന്നാണ് അമ്മിണിയെ സംരക്ഷിച്ചത്. അതുകൊണ്ട് തന്നെ പകല്‍ സമയത്ത് ചന്ദ്രാനന്ദര് റോഡില്‍ നില്ക്കുന്ന അമ്മിണി വൈകിട്ടോടെ മാളികപ്പുറത്തെ മേല്‍ശാന്തി മഠത്തില്‍ എത്തിയാണ് വിശ്രമിക്കുന്നത്.