KeralaNEWS

ഏകീകൃത കുര്‍ബാന തടയും; നിലപാടിലുറച്ച് ഒരു വിഭാഗം വിശ്വാസികള്‍

കൊച്ചി: സഭാ നേതൃത്വത്തില്‍ മാറ്റമുണ്ടായെങ്കിലും ഏകീകൃത കുര്‍ബാന വിഷയത്തില്‍ നിലപാടിലുറച്ച് എറണാകുളം- അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികള്‍. സിനഡ് കുര്‍ബാനയര്‍പ്പിക്കാനാണ് നീക്കമെങ്കില്‍ തടയും. പുതുവത്സരത്തില്‍ സിനഡ് കുര്‍ബാന അര്‍പ്പിക്കണമെന്ന വത്തിക്കാന്റെ നിര്‍ദേശത്തില്‍ വ്യക്തതയില്ലെന്നും ഒരു വിഭാഗം വിശ്വാസികള്‍ അറിയിച്ചു.

ആരോപണ വിധേയയരായ സഭാ തലവന്മാരെ നീക്കി സമവായത്തിലെത്താന്‍ വത്തിക്കാന്‍ ഇടപെട്ട് ശ്രമിച്ചെങ്കിലും ഏകീകൃത കുര്‍ബാന വിഷയത്തില്‍ തീരുമാനം മാറ്റേണ്ട എന്ന നിലപാടില്‍ തന്നെയാണ് വിമത വിഭാഗം. ഏകീകൃത കുര്‍ബാനയര്‍പ്പിക്കാന്‍ തീരുമാനിച്ചാല്‍ തടയുമെന്ന് ഇവര്‍ പറയുന്നു. തീരുമാനം സംബന്ധിച്ച് എറണാകുളം- അങ്കമാലി അതിരൂപതയുടെ പുതിയ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേല്‍ക്കുന്ന ബോസ്‌കോ പുത്തൂരുമായി ഒരു വിഭാഗം വൈദികര്‍ കൂടിക്കാഴ്ച നടത്തി.

Signature-ad

അല്‍മായ മുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം വിശ്വാസികള്‍ ഇന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ചുമതലയുള്ള സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനെ കണ്ട് തീരുമാനമറിയിക്കും.

സിറോ മലബാര്‍ സഭയുടെ ഇരുണ്ട യുഗത്തിന് അവസാനമായെന്ന തലക്കെട്ടോടെയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയുടെ രാജിക്ക് പിന്നാലെ അല്‍മായ മുന്നേറ്റം വാര്‍ത്താക്കുറിപ്പിറക്കിയത്. ഭൂമി ഇടപാടിലും കുര്‍ബാന വിഷയത്തിലും സിറോ മലബാര്‍ സഭയും വിശ്വാസികളും അനുഭവിച്ച മാനക്കേടിന് ജോര്‍ജ് ആലഞ്ചേരിയും ആന്‍ഡ്രൂസ് താഴത്തും പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും വാര്‍ത്താക്കുറിപ്പിലൂടെ ഇവര്‍ ആവശ്യപ്പെട്ടു. ജനുവരിയില്‍ നടക്കുന്ന സ്ഥിരം സിനഡ് യോഗത്തില്‍ തീരുമാനമുണ്ടാകുന്നത് വരെ നിലവിലെ സംഘര്‍ഷം തുടരും.

 

Back to top button
error: