കൊച്ചി: ലൈംഗിക ദൃശ്യങ്ങളുള്ള ഇലക്ട്രോണിക് രേഖകള്‍ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ക്കും കോടതികള്‍ക്കും ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം. ഇത്തരം വസ്തുക്കള്‍ പിടിച്ചെടുത്താല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രത പാലിക്കണം. പൊലീസ് ഉള്‍പ്പെടെ അന്വേഷണ ഏജന്‍സികള്‍ ലൈംഗിക ദൃശ്യങ്ങളുള്ള ഇലക്ട്രോണിക് രേഖകളുടെ ഉള്ളടക്കം സംബന്ധിച്ച് രഹസ്യാത്മകതയും സ്വകാര്യതയും സംരക്ഷിക്കണം. മഹസ്സറില്‍ പ്രത്യേകമായി ഇതു രേഖപ്പെടുത്തണം.
ഇലക്ട്രോണിക് ഉപകരണം പ്രത്യേകമായി മുദ്രവെച്ച് പൊതിഞ്ഞ് സെക്ഷ്വലി എക്സ്പ്ലിസിറ്റ് മെറ്റീരിയല്‍ ( എസ്ഇഎം) എന്ന് ചുവന്ന അക്ഷരത്തില്‍ ലേബല്‍ ചെയ്യണം. ഇതിനായി രജിസ്റ്റര്‍ സൂക്ഷിക്കണം. പിടിച്ചെടുത്ത സമയം ഉള്‍പ്പെടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. ഇവ ലോക്കറില്‍ സൂക്ഷിക്കണം. കോടതിയിലേക്ക് കൊണ്ടുപോകാന്‍ മാത്രമേ ലോക്കറില്‍ നിന്നും എടുക്കാന്‍ പാടുള്ളൂ.
കോടതിയിലേക്ക് കൊണ്ടുപോകാന്‍ എടുക്കുമ്പോള്‍ രജിസ്റ്ററില്‍ സമയം ഉള്‍പ്പെടെ രേഖപ്പെടുത്തണം. കൊണ്ടുപോകുന്ന ഉദ്യോഗസ്ഥന്‍, കോടതി എന്നിവയുടെ വിശദാംശങ്ങളും രജിസ്റ്ററില്‍ രേഖപ്പെടുത്തണം. മുദ്രവച്ച ശേഷം കോടതിക്ക് നല്‍കുന്നതിനു മുമ്പ് ഇലക്ട്രോണിക് രേഖകള്‍ ആരെങ്കിലും തുറന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനാകും ഉത്തരവാദിത്തമെന്നും ഹൈക്കോടതി മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
കോടതികള്‍ക്കും ഹൈക്കോടതി മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്ഇഎംകള്‍ക്കായി കോടതികള്‍ രജിസ്റ്റര്‍ സൂക്ഷിക്കണം. സ്വീകരിച്ച തീയതി, സമയം ഉള്‍പ്പെടെ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. മുദ്ര വെച്ച കവറുകള്‍ കോടതി ചീഫ് മിനിസ്റ്റീരിയല്‍ ഓഫീസര്‍ക്ക് കൈമാറണം. ഇതു പരിശോധിച്ച് കൃത്യമായി മുദ്ര വെച്ചിട്ടുണ്ടെന്ന് ചീഫ് മിനിസ്റ്റീരിയല്‍ ഓഫീസര്‍ ഉറപ്പാക്കണം.
സംശയമുണ്ടായാല്‍ ജുഡീഷ്യല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. തുടര്‍ന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ജുഡീഷ്യല്‍ ഓഫീസര്‍ നടപടികള്‍ ആരംഭിക്കണം. ഈ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ശാസ്ത്രീയ അന്വേഷണം ആവശ്യമെങ്കില്‍ ഉത്തരവിടണം. ദൃശ്യങ്ങള്‍ അടങ്ങിയ ഇലക്ട്രോണിക് രേഖയുടെ പായ്ക്കറ്റ് ലഭിച്ചാല്‍ ഉടന്‍ ജുഡീഷ്യല്‍ ഓഫീസറുടെ മുന്നില്‍ ഹാജരാക്കണം.
ജുഡീഷ്യല്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ പായ്ക്കറ്റ് ലോക്കറില്‍ വെക്കണം. താക്കോല്‍ ജുഡീഷ്യല്‍ ഓഫീസറോ ചീഫ് മിനിസ്റ്റീരിയല്‍ ഓഫീസറോ സൂക്ഷിക്കണം. ഇതു പരിശോധിക്കാന്‍ അപേക്ഷ ലഭിച്ചാല്‍ ജുഡീഷ്യല്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ മാത്രമേ ലോക്കറില്‍ നിന്നും എടുക്കാന്‍ പാടുള്ളൂ.
പരിശോധന സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. രേഖ മടക്കി നല്‍കുമ്പോള്‍ മുദ്ര വെച്ച കവറില്‍ നല്‍കണം. ഈ വിവരങ്ങളും രജിസ്റ്ററില്‍ രേഖപ്പെടുത്തണം.
പ്രതികള്‍ക്ക് ഇലക്ട്രോണിക് രേഖകള്‍ കാണാന്‍ അനുവദിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതി മുന്നോട്ടു വെച്ചിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരമേ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കാവൂ. ഇതു സംബന്ധിച്ച് നല്‍കുന്ന ഹര്‍ജികള്‍ എല്ലാം ഒരുമിച്ചു പരിഗണിച്ച് ഒറ്റത്തവണ മാത്രമേ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കാവൂ. അസാധാരണ അവസരങ്ങളില്‍ മാത്രമേ തുടര്‍ അപേക്ഷകള്‍ പരിഗണിക്കാവൂ. ഇതിനുള്ള കാരണങ്ങളും കോടതി രേഖപ്പെടുത്തണം. പ്രതികള്‍ക്ക് ഒന്നിലേറെ അഭിഭാഷകരുണ്ടെങ്കില്‍ ഒരാളെ മാത്രമേ അനുവദിക്കാവൂ എന്നും ഹൈക്കോടതി മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍ ഇലക്ട്രോണിക് രേഖമായി സൂക്ഷിച്ച മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വിധി പ്രസ്താവിക്കവെയാണ് ഹൈക്കോടതി ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണം നടത്താന്‍ ജസ്റ്റിസ് കെ ബാബു ഉത്തരവിട്ടു. അനധികൃതമായി ദൃശ്യങ്ങള്‍ കണ്ടത് സ്ത്രീക്കെതിരെയുള്ള അതിക്രമമാണെന്നും കോടതി നിരീക്ഷിച്ചു.