KeralaNEWS

മുസ്ലിം പെണ്‍കുട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് അഭിപ്രായമില്ല; മിശ്രവിവാഹ പരാമര്‍ശത്തില്‍ തിരുത്തുമായി നാസര്‍ ഫൈസി

കോഴിക്കോട്: മിശ്ര വിവാഹ പരാമര്‍ശത്തില്‍ തിരുത്തുമായി എസ്.വൈ.എസ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. എസ്.എഫ്.ഐയും സി.പി.എമ്മും ഡി.വൈ.എഫ്.ഐയും മുസ്ലിം പെണ്‍കുട്ടികളെ മാത്രം ലക്ഷ്യം വെയ്ക്കുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

”എസ്.എഫ്.ഐ മിശ്രവിവാഹത്തിന് ക്യാമ്പയിന്‍ ചെയ്യുകയും ഡി.വൈ.എഫ്.ഐ അത് നടത്തിക്കൊടുക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍, എസ്.എഫ്.ഐയും സി.പി.എമ്മും മുസ്ലിം പെണ്‍കുട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് അഭിപ്രായമില്ല. എല്ലാ മതവിശ്വാസികളില്‍പ്പെട്ടവരെയും മിശ്രവിവാഹത്തിന് പ്രേരിപ്പിക്കുന്നുണ്ട്. മുസ്ലിം പെണ്‍കുട്ടികളുടെ കാര്യം മാത്രമാണ് ഞങ്ങള്‍ പറയുന്നത്, ഇത് ഞങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ ഞങ്ങള്‍ അതിനെ ഹൈലൈറ്റ് ചെയ്യുന്നു. മറ്റുള്ള വിശ്വാസികളുടെ കാര്യം അവര്‍ പറയട്ടെ”- നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

Signature-ad

ഒരു സ്ത്രീയും പുരുഷനും മിശ്രവിവാഹത്തിന് സ്വമേധയാ ഇറങ്ങി തിരിക്കുമ്പോള്‍ അതിന് സംരക്ഷണം നല്‍കേണ്ടത് പോലീസ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളാണെന്നും അല്ലാതെ പാര്‍ട്ടിയല്ല എന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം ഒരു വശത്ത് മുസ്ലിം പ്രീണനം നടത്തുകയും അവകാശങ്ങള്‍ക്കുമൊപ്പം നില്‍ക്കുകയും ചെയ്യുമ്പോള്‍ മറുവശത്ത് മതരാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ഈ ഇരട്ടത്താപ്പിനെതിരെ വ്യക്തിപരമായി വിയോജിപ്പ് ഉണ്ടെന്നും ഇക്കാര്യം എവിടേയും തുറന്ന് സംസാരിക്കുമെന്നും നാസര്‍ ഫൈസി കൂടത്തായി കൂട്ടിച്ചേര്‍ത്തു.

നേരത്തേ മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ നാസര്‍ ഫൈസി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നതിനുപിന്നില്‍ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ആണെന്ന് നാസര്‍ ഫൈനസി ആരോപിച്ചിരുന്നു. സുന്നി മഹല്ല് ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ സാരഥീസംഗമം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Back to top button
error: