KeralaNEWS

”ഹൈക്കോടതി നോട്ടീസ് വരട്ടെ; നിങ്ങളല്ല, ഞാനല്ലേ വേവലാതിപ്പെടേണ്ടത്”

കൊച്ചി: മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കു നല്‍കാത്ത സേവനത്തിനു പ്രതിഫലം നല്‍കിയെന്ന വിഷയത്തില്‍ മുഖ്യമന്ത്രി അടക്കമുള്ള എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ടിസ് വരട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ”ഹൈക്കോടതി നോട്ടീസ് വരട്ടെ, അതിനു നിങ്ങളല്ല, ഞാനല്ലേ വേവലാതിപ്പെടേണ്ടത്” മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കു നല്‍കാത്ത സേവനത്തിനു പ്രതിഫലം നല്‍കിയെന്ന വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാനാണു ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. എതിര്‍കക്ഷികള്‍ക്കു പറയാനുള്ളതു കേള്‍ക്കാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ ബാബുവിന്റെ നടപടി.

Signature-ad

മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ 12 പേര്‍ക്കാണ് നോട്ടീസ് അയയ്ക്കുക. മുന്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ പട്ടികയിലുണ്ട്. മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പരാതിക്കാരനായ ഗിരീഷ്ബാബു ഹൈക്കോടതിയെ സമീപിച്ചത്. വിജിലന്‍സ് കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടിരുന്നു.

കേസില്‍ തെളിവില്ലെന്ന വിജിലന്‍സ് കോടതി കണ്ടെത്തല്‍ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്നതിന് സാക്ഷിമൊഴികള്‍ ഉള്ള സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാമായിരുന്നു എന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഹര്‍ജിക്കാരനായ ഗിരീഷ് ബാബുവിന്റെ മരണത്തെ തുടര്‍ന്നാണ് കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.

 

 

Back to top button
error: