KeralaNEWS

സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍; പവന് 47,000 രൂപ കടന്നത് ചരിത്രത്തിലാദ്യം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. പവന് 47,080 രൂപയായി വില കുതിച്ചു. ഗ്രാമിന് 5,885 രൂപയാണ് വില. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 2086 ഡോളറിലാണ് വില. ഈ മാസം തുടക്കം മുതല്‍ സ്വര്‍ണ വില കുതിക്കുകയാണ്. ഇസ്രായേല്‍- ഹമാസ് സംഘര്‍ഷം തുടരുന്നതും ഡോളറിന്റെ മൂല്യ ഇടിവുമാണ് സ്വര്‍ണ വില കുതിക്കാന്‍ കാരണം. യുഎസില്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്കിടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഏഴ് മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വര്‍ണം നിക്ഷേപകര്‍ക്ക് മികച്ച വരുമാനം നല്‍കിയിരുന്നു. വിപണിയിലെ അസ്ഥിരത തുടരുകയാണെങ്കില്‍ വില ഏകദേശം 2,240 -60 ഡോളര്‍ എന്ന പുതിയ ഉയരത്തിലെത്തുമെന്നായിരുന്നു പ്രവചനങ്ങള്‍ എങ്കിലും 2080 ഡോളറിന് മുകളിലേക്ക് വില കുതിച്ചു എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 2070 ഡോളറില്‍ എത്തിയിരുന്നു. പുതിയ വര്‍ഷം ട്രോയ് ഔണ്‍സിന് വില 2,400 ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Signature-ad

സ്വര്‍ണവില പുതിയ റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതിനാല്‍ ബുള്ളിയനായുള്ള ഡിമാന്‍ഡും കുതിക്കുകയാണ്. പണപ്പെരുപ്പം ലഘൂകരിക്കുന്നതിനായി യുഎസ് ഫെഡറല്‍ റിസര്‍വ് ഉടന്‍ തന്നെ പലിശനിരക്ക് കുറയ്ക്കാന്‍ തുടങ്ങുമെന്ന സൂചനകളുണ്ട്.

അടുത്ത വര്‍ഷം സ്വര്‍ണവില പുതിയ ഉയരങ്ങളിലെത്തുമെന്നും 2,000 ഡോളറിന് മുകളില്‍ തന്നെ നിലനില്‍ക്കുമെന്നും വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം മൂലം തുടര്‍ച്ചയായ രണ്ട് മാസങ്ങളില്‍ സ്വര്‍ണ വില ഉയരുകയാണ്. സുരക്ഷിതമായ ആസ്തിക്കുള്ള ഡിമാന്‍ഡും വര്‍ധിച്ചു, അതിനൊപ്പം പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും സ്വര്‍ണത്തിന് തിളക്കം നല്‍കി പിന്തുണ നല്‍കി. സാമ്പത്തിക രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ സമയത്ത് സ്വര്‍ണ്ണം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതാണ് നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരിയാന്‍ കാരണം.

 

Back to top button
error: