KeralaNEWS

പിണറായിയുടെ സുരക്ഷയുടെ പേരില്‍ പൊലീസ് അതിക്രമം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കെ.സുധാകരന്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരില്‍ പ്രതിഷേധക്കാരെ വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത കേരള പൊലീസിന്റെ നടപടികള്‍ ലോക്സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

ഒരുപറ്റം പൊലീസുകാര്‍ പ്രതിഷേധക്കാരെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ നവകേരള യാത്രയോട് അനുബന്ധിച്ച് വിവിധയിടങ്ങളില്‍ ദിനംപ്രതി ആവര്‍ത്തിക്കുകയാണ്.

Signature-ad

കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.ഇ.ബൈജു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കഴുത്ത് ഞെരിച്ചു ശ്വാസംമുട്ടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ പ്രതിപക്ഷ ശബ്ദങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താനാണ് സംസ്ഥാന ഭരണകൂടം ശ്രിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രിക്ക് ഇത്തരം സുരക്ഷാ ക്രമീകരണം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. പ്രതിഷേധിക്കാനുള്ള അവകാശങ്ങളുടെ മേലുള്ള കടന്നാക്രമണവും പൗരന്റെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതുമായ ഇത്തരം നടപടി അനുവദിക്കാന്‍ കഴിയില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി.

അതേസമയം, കേരളത്തിലും തമിഴ്നാട്ടിലും ഉള്‍പ്പെടെ ഗവര്‍ണര്‍മാര്‍ സര്‍ക്കാരുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന രീതിയില്‍ സുപ്രധാന ബില്ലുകള്‍ തടഞ്ഞു വയ്ക്കുന്നത് സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊടിക്കുന്നില്‍ സുരേഷ് എംപി സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. ബില്ലുകളുടെ അംഗീകാരത്തിനും പരിശോധനയ്ക്കും സമയം നല്‍കിയിട്ടുള്ളതിനെ വളച്ചൊടിച്ചുകൊണ്ട് തങ്ങളുടെ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിലെ അധികാര നിയന്ത്രണ സന്തുലന സംവിധാനങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടി.

Back to top button
error: