CrimeNEWS

മെക്സിക്കന്‍ ഡി.ജെയെ പീഡിപ്പിച്ചു; നഗ്‌നചിത്രങ്ങള്‍ കാട്ടി ഭീഷണി, മുംബൈ സ്വദേശി അറസ്റ്റില്‍

മുംബൈ: മെക്സിക്കന്‍ സ്വദേശിയും ഡിസ്‌ക് ജോക്കി(ഡി.ജെ)യുമായ യുവതിയെ പീഡിപ്പിച്ച കേസില്‍ മുംബൈ സ്വദേശി അറസ്റ്റില്‍. ബാന്ദ്ര പോലീസാണ് യുവാവിനെ അറസ്റ്റുചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. യുവാവ് 2019 മുതല്‍ പലതവണ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് 31 കാരിയായ യുവതി ആരോപിച്ചു.

നിലവില്‍ മുംബൈയിലാണ് യുവതി താമസിക്കുന്നത്. അറസ്റ്റിലായ യുവാവും ഡിസ്‌ക് ജോക്കിയാണ്. 2017-ല്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. 2019-ല്‍ ബാന്ദ്രയിലുള്ള തന്റെ വീട്ടിലേക്ക് യുവാവ് യുവതിയെ ക്ഷണിച്ചുവെന്നും അവിടെവെച്ച് പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.

പിന്നീട് പലതവണ പീഡനത്തിനിരയായിട്ടുണ്ടെന്നും യുവതി ആരോപിച്ചതായി പോലീസ് അറിയിച്ചു. നഗ്‌നചിത്രങ്ങള്‍ കാണിച്ച് യുവാവ് പണം തട്ടാന്‍ ശ്രമം നടത്തിയതോടെയാണ് യുവതി പോലീസില്‍ പരാതിപ്പെട്ടത്.

2020-ല്‍ കുറ്റാരോപിതന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ഇതിനുശേഷവും മെക്സിക്കന്‍ യുവതി പീഡനത്തിനിരയായെന്ന് പരാതിയില്‍ പറയുന്നു. പ്രതിയ്ക്കെതിരേ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്നും ബാന്ദ്ര പോലീസ് വ്യക്തമാക്കി.

Back to top button
error: