സമ്പന്നമായ ചരിത്രവും സംസ്‌കാരങ്ങളുടെ കൂടിച്ചേരലുമാണ് യുഎഇയുടെ മുഖമുദ്ര. ഏറ്റവും ഉയരമുള്ള ടവറുകൾ മുതൽ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്ററുകൾ വരെ ചാരുതയേകുന്ന അതിമനോഹര ഭൂമിയയാണിത്.
യുഎഇ ദേശീയ ദിനം
എല്ലാ വർഷവും ഡിസംബർ രണ്ടിന് യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നു. ഗള്‍ഫ് മേഖലയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയതായിരുന്നു യു എ ഇ രൂപീകരിക്കാനുള്ള തീരുമാനം. 1971 ഡിസംബര്‍ രണ്ടിനാണ് ബ്രിട്ടന്‍റെ അധീനതയിലായിരുന്ന ട്രൂഷ്യല്‍ സ്റ്റേറ്റുകള്‍ എന്നറിയപ്പെട്ടിരുന്ന ഏഴു എമിറേറ്റുകള്‍ ഒന്നുചേര്‍ന്ന് ഐക്യഅറബ് എമിറേറ്റ് ആയത്.
ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍റെ ദീര്‍ഘവീക്ഷണമായിരുന്നു ഇതിന് അടിത്തറപാകിയത്. രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദിൻ്റെയും രാഷ്ട്രശില്‍പി ഷെയ്ഖ് റാഷിദ് ബിന്‍സായിദ് അല്‍മക്തൂമിന്‍റെയും നേതൃത്വത്തില്‍ ജുമൈറയിലെ യൂണിയന്‍ ഹൗസിലായിരുന്നു ചരിത്ര പ്രഖ്യാപനം.
ഷെയ്ഖ് സായിദ് പുതിയ രാഷ്ട്രത്തിന്റെ പ്രഥമ പ്രസിഡൻ്റും റാഷിദ് പ്രധാനമന്ത്രിയുമായി ചുമതലയേറ്റു. ഭരണ നിർവഹണത്തിന് ഏഴു എമിറേറ്റുകളിലെയും ഭരണാധികാരികൾ ചേർന്ന് സുപ്രീം കൗൺസിലും രൂപീകരിച്ചു. ഏഴു എമിറേറ്റുകൾക്കും സ്വയംഭരണാവകാശം ഉണ്ടെന്നതാണ് പ്രത്യേകത. ഈ ദേശീയ ദിനത്തിൽ യുഎഇയെക്കുറിച്ചുള്ള 14 കൗതുകകരമായ വസ്തുതകൾ ഇതാ.
1. അബുദബി, ദുബൈ, ഷാർജ, റാസൽഖൈമ, ഫുജൈറ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നീ 7 എമിറേറ്റുകൾ ചേർന്നതാണ് യുഎഇ. അബുദബിയാണ് തലസ്ഥാനവും ഏഴിൽ ഏറ്റവും വലുതും. അജ്മാൻ ആണ് ഏറ്റവും ചെറിയത്.
2. ഒമാൻ, സൗദി അറേബ്യ എന്നീ രണ്ട് രാജ്യങ്ങളുമായി യുഎഇ അതിർത്തി പങ്കിടുന്നു .
3. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ സ്ഥിതിചെയ്യുന്നത് ദുബൈയിലാണ്, അതിന്റെ ഉയരം 828 മീറ്റർ.
4. ഏകദേശം 200 ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളാണ് ദുബൈ മാൾ. 1,124,000 ചതുരശ്ര മീറ്റർ ആണ് വിസ്തീർണം. 200 ഭക്ഷണശാലകൾക്കൊപ്പം 1,200-ലധികം സ്റ്റോറുകളും ഇവിടെയുണ്ട്.
5. യുഎഇയുടെ ദേശീയഗാനം ഇഷി ബിലാദിയാണ് (Long Live my Country).
6. യുഎഇയുടെ ദേശീയ പക്ഷി ഫാൽക്കൺ (പ്രാപ്പിടിയന്‍) ആണ്, ഫാൽക്കൺ കായിക ഇമറാത്തി സംസ്കാരത്തിന്റെ ഒരു വലിയ ഭാഗമാണ്.
7. ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ സ്ഥിതി ചെയ്യുന്നത് അബുദബിയിലാണ്. 4.9 സെക്കൻഡിൽ മണിക്കൂറിൽ 0 മുതൽ 240 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.
8. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സിപ്പ്-ലൈൻ റാസൽ ഖൈമയിൽ കാണാം, അവിടെ 2.83 കിലോമീറ്റർ ദൈർഘ്യമുള്ള ജെയ്സ് ഫ്ലൈറ്റ് 160 കിലോമീറ്റർ വേഗതയിൽ ഹജർ പർവതനിരകളിലൂടെ കുതിക്കുന്നു.
9. രാജ്യത്തിന്റെ മരുഭൂമി ഭൂപ്രകൃതിയും മഴയുടെ അഭാവവും അർത്ഥമാക്കുന്നത് നദികളോ തടാകങ്ങളോ ഇല്ല എന്നാണ്. എന്നിരുന്നാലും, ചില മാസങ്ങളിൽ, വാദികൾ എന്നറിയപ്പെടുന്ന അതുല്യമായ തണ്ണീർത്തട ആവാസവ്യവസ്ഥകൾ കാണാം.
10. അബുദബിയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ശെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്.2007-ൽ തുറന്ന ഗ്രാൻഡ് മോസ്‌ക്, യുഎഇയുടെ സ്ഥാപക പിതാവിന്റെ സ്മരണയ്ക്കായി 40,000-ത്തിലധികം വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണ്.
11. ഏഴ് എമിറേറ്റുകളിലുമായി 40 ദശലക്ഷത്തിലധികം ഈന്തപ്പനകളുണ്ട്.
12. 200-ലധികം രാജ്യക്കാർ യുഎഇയിലെ താമസക്കാരാണ്. ഇംഗ്ലീഷ്, ഹിന്ദി, ഫാർസി, ഉർദു എന്നിവ സാധാരണ സംസാരിക്കുന്നുണ്ട്. എങ്കിലും അറബിയാണ് രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ.
13. അബുദബിയിലെ യാസ് ദ്വീപ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യനിർമ്മിത ദ്വീപാണ്, മൊത്തം 25 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്.
14. യുഎഇയിൽ 9,000-ലധികം പള്ളികളുണ്ട്, ലോകമെമ്പാടുമുള്ള ഏറ്റവും ഉയർന്ന ആളോഹരി മസ്ജിദുകളിൽ ഒന്ന്.