CrimeNEWS

അബിഗേലിന് മയങ്ങാന്‍ മരുന്നു കൊടുത്തതായി സംശയം; രക്തവും മൂത്രവും പരിശോധിക്കും

കൊല്ലം: ഓയൂരില്‍നിന്ന് ആറു വയസ്സുകാരി അബിഗേലിനെ തട്ടിക്കൊണ്ടു പോയവര്‍ കൊല്ലം ജില്ലക്കാര്‍ തന്നെയെന്ന സംശയത്തില്‍ പൊലീസ്. തിങ്കളാഴ്ച വൈകിട്ട് കുട്ടിയെ ബലമായി വാഹനത്തില്‍ പിടിച്ചുകയറ്റിയ സംഘം നേരെ പോയത് വര്‍ക്കല കല്ലുവാതുക്കല്‍ ഭാഗത്തേക്കാണെന്ന് പൊലീസിനു സൂചന ലഭിച്ചു. അന്നു രാത്രി ഒറ്റ നിലയുള്ള വലിയ വീട്ടിലാണ് കഴിഞ്ഞതെന്ന് അബിഗേല്‍ പൊലീസിനു മൊഴി നല്‍കി.

സംശയനിഴലിലുള്ള മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങള്‍ പൊലീസ് അബിഗേലിനെ കാണിച്ചെങ്കിലും തിരിച്ചറിയാനായില്ല. അബിഗേല്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് രേഖാചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Signature-ad

തട്ടിയെടുത്തതിനു പിന്നാലെ അബിഗേലിനു മയങ്ങാന്‍ മരുന്നു നല്‍കിയെന്ന സംശയത്തെ തുടര്‍ന്ന് കുട്ടിയുടെ രക്തവും മൂത്രവും പൊലീസ് രാസപരിശോധനയ്ക്ക് അയച്ചു. നിലവില്‍ കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ ഇന്നു വൈകിട്ടോടെ വീട്ടിലേക്ക് അയയ്ക്കാനാണ് തീരുമാനം. കുട്ടിയുടെ പിതാവും മാതാവും ആശുപത്രിയില്‍ ഒപ്പമുണ്ട്.

പ്രതികള്‍ പ്രദേശവാസികള്‍ തന്നെയാണെന്ന സംശയം ആദ്യം മുതല്‍ക്കേ പൊലീസിനുണ്ട്. ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ എഡിജിപി എം.ആര്‍. അജിത് കുമാര്‍ പറഞ്ഞതും പ്രതികള്‍ പ്രദേശവാസികളാകാനുള്ള സാധ്യതയെക്കുറിച്ചാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ കാര്‍ ഉപേക്ഷിച്ച് നീലക്കാറിലാണ് ഇന്നലെ അബിഗേലിനെ യുവതിയും സംഘവും കൊല്ലം നഗരത്തിലെത്തിച്ചത്.

അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. അബിഗേലില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് മുന്നോട്ടു നീങ്ങുന്നത്.

Back to top button
error: