ദുബൈയിൽ നിന്ന് ഒമാനിലേക്ക് പറന്ന ഒരു ബോയിംഗ് വിമാനത്തില്‍ നടന്ന ഇന്‍ഡ്യന്‍ വ്യവസായിയുടെ മകളുടെ വിവാഹാഘോഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൻ ഹിറ്റാണ്. യുഎഇ ആസ്ഥാനമായി ജ്വലറി ബിസിനസ് നടത്തുന്ന ഇന്‍ഡ്യന്‍ വ്യവസായി ദിലീപ് പോപ്ലിയുടെ മകള്‍ വിധി പോപ്ലിയും ഹൃദേഷ് സൈനാനിയും വിവാഹിതരാകുന്ന വീഡിയോയായിരുന്നു അത്. ഇന്‍ഡ്യയിലും വൻ നിലയിൽ ജ്വലറി ബിസിനസ് ഉള്ള വ്യാവസായിയാണ് ദിലീപ് പോപ്ലി.
നവംബര്‍ 24-ന് ദുബൈയില്‍ നിന്ന് ഒമാനിലേക്ക് മൂന്ന് മണിക്കൂര്‍ കൊണ്ട് പറന്ന ജെറ്റെക്സ് ബോയിംഗ് 747 എന്ന സ്വകാര്യ വിമാനത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിമാനത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളുമായി 350 വിശിഷ്ടാതിഥികൾ പങ്കെടുത്തു.
വരനും വധുവും ഉള്‍പ്പെടെയുള്ള അതിഥികള്‍ വിമാനത്തില്‍ വച്ച് ട്യൂണ്‍ മാരി എന്‍ട്രിയാന്‍ നൃത്തം ചെയ്യുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
വരനും കുടുംബവും ദുബൈയിലെ അല്‍ മക്തൂം എയര്‍പോര്‍ടിന് സമീപമുള്ള ജെടെക്സ് വിഐപി ടെര്‍മിനലില്‍ വച്ച് തന്നെ വിവാഹാഘോഷങ്ങള്‍ ആരംഭിച്ചെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. വിവാഹാഘോഷങ്ങള്‍ക്ക് ശേഷം വിമാനത്താവളത്തില്‍ വച്ച് വരനും വധുവും തങ്ങളുടെ വിവാഹം ഇത്രയും ഭംഗിയാക്കിയതിന് മാതാപിതാക്കളോട് നന്ദി പറഞ്ഞു. ഇത്തരമൊരു ആഘോഷത്തിലൂടെ കടന്ന് പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് വധുവും പറഞ്ഞു.
”വിമാനത്തില്‍ വച്ച് എന്റെ ഹൈസ്‌കൂള്‍ പ്രണയിനിയെ വിവാഹം കഴിക്കാനായതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. ജെടെക്സിന് നന്ദി, എല്ലാവര്‍ക്കും നന്ദി. ഞങ്ങളുടെ രണ്ട് മാതാപിതാക്കള്‍ക്കും നന്ദി”
വരന്‍ പറഞ്ഞു.
”എന്റെ മകള്‍ക്ക് വേണ്ടി ഇത് ചെയ്യണമെന്ന് ഞാന്‍ എപ്പോഴും സ്വപ്നം കണ്ടിരുന്നു, എല്ലാ സ്വപ്നങ്ങളും നിറവേറ്റുന്നതിന് ദുബൈയേക്കാള്‍ മികച്ച മറ്റൊരു സ്ഥലമില്ല.”
ദിലീപ് പോപ്ലി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
1994-ല്‍ ദിലീപിന്റെ അച്ഛന്‍ ലക്ഷ്മണ്‍ പോപ്ലി, മകന്റെ വിവാഹം നടത്തിയത് എയര്‍ ഇന്‍ഡ്യാ വിമാനത്തിൽ വച്ചായിരുന്നു.