45,000 സീറ്റുകളാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്‍റെ ഗാലറിയിലുള്ളത്. വിറ്റുപോയത് പതിനായിരത്തിനടുത്ത് ടിക്കറ്റുകള്‍ മാത്രം. അപ്പര്‍ ടയറിന് 750 രൂപയും ലോവറിന് 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റിന് 350 രൂപയും. മഴഭീഷണിയും പ്രധാന താരങ്ങളുടെ അഭാവവുമാണ് ടിക്കറ്റ് വില്‍പ്പനയിലെ ഇടിവിന് കാരണമെന്ന് സംഘാടകര്‍ പറയുന്നു.
ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി മത്സരം നടത്തേണ്ടി വരുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. അങ്ങനെയുണ്ടായാല്‍ ഭാവിയില്‍ അന്താരാഷ്‌ട്ര മത്സരങ്ങള്‍ കിട്ടാൻ തന്നെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് കെസിഎയുടെ വിലയിരുത്തല്‍.
മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഒരു വിഭാഗം ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതും ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചതായാണ് സൂചന. ഇതിനു പുറമേ, ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ വരുന്ന മത്സരമെന്ന നിലയിലും ക്രിക്കറ്റ് ആരാധകര്‍ താത്പര്യക്കുറവ് കാണിക്കുന്നുണ്ട്.