തിരുവനന്തപുരം: മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിലെ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ കിളിമാനൂര്‍ സ്വദേശി ഫെബിന്‍ ഷാ അമ്മയുടെ പേരിലുള്ള ബ്രോഡ് ബാന്‍ഡ് കണക്ഷനില്‍നിന്നാണ് ഇമെയില്‍ സന്ദേശം അയച്ചതെന്നു വിവരം. പത്തുലക്ഷം യുഎസ് ഡോളര്‍ ബിറ്റ്കോയിനായി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ഇതു വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണെന്നും ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു വിമാനത്താവള അധികൃതര്‍ക്കു ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തില്‍നിന്നു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സഹര്‍ പൊലീസ് കേസെടുത്തു. ഇതിനു സമാന്തരമായി എടിഎസ് സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചു.
തുടര്‍ന്ന് ഐപി വിലാസം പിന്തുടര്‍ന്നതോടെ മെയില്‍ അയച്ചത് കേരളത്തില്‍നിന്നാണെന്നു കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ എടിഎസ് സംഘം കേരളത്തിലേക്കു പറന്നെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അതേസമയം സംഭവത്തെ കുറിച്ച് അറിവില്ലെന്ന് കേരള പൊലീസ് പ്രതികരിച്ചു.