ആദ്യ പ്രസവത്തിലെ സങ്കീർണതകൾ ചൂണ്ടിക്കാട്ടി വടകര ജില്ല ആശുപത്രിയിൽ ആദ്യപ്രസവത്തിന് അധികൃതർ വിലക്കേർപ്പെടുത്തിയത് ആരോഗ്യ മന്ത്രിയെപ്പോലും അത്ഭുതപ്പെടുത്തി. ആദ്യ പ്രസവത്തിലെ നൂലാമാലകൾ പറഞ്ഞ് ആശുപത്രിയിൽ പ്രസവത്തിനുള്ള സൗകര്യം നിഷേധിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
ആർദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി സന്ദർശിച്ചതിന് പിന്നാലെയാണ് ആദ്യ പ്രസവത്തിനുള്ള വിലക്ക് വീണ്ടും ചർച്ചയായത്. ആദ്യ പ്രസവത്തിലെ സങ്കീർണതയാണ് അധികൃതർ വിലക്കേർപ്പെടുത്തിയതിനു കാരണമായി പറയുന്നത്.
ഇതേ തുടർന്ന് സാധാരണക്കാരടക്കം സ്വകാര്യ ആശുപത്രികളെയാണ് ആദ്യ പ്രസവത്തിനായി ആശ്രയിക്കുന്നത്. ഭീമമായ സാമ്പത്തിക ഭാരമാണ് പ്രസവവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്നത്. ജില്ല ആശുപത്രിയിൽ സന്ദർശനം നടത്തിയ ആരോഗ്യ മന്ത്രിക്ക് മുന്നിൽ ആശുപത്രിയിൽ ആദ്യ പ്രസവം നടക്കാത്തത് കെ.കെ രമ എം.എൽ.എ ചൂണ്ടിക്കാട്ടുകയുണ്ടായി.
ആദ്യ പ്രസവം എടുക്കാത്ത ആശുപത്രി ഇവിടെ മാത്രമുളള അത്ഭുതമെന്നു പറഞ്ഞ മന്ത്രി വീണാ ജോർജ് ആശുപത്രി സൂപ്രണ്ട് ഡോ.സരള നായരോട് ആദ്യ പ്രസവം എടുക്കാറില്ലേ എന്നു ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. ഇതിനാവശ്യമായ സൗകര്യം ഒരുക്കി ആദ്യ പ്രസവം എടുക്കുന്നവരെ നിയമിക്കാൻ ഒപ്പമുണ്ടായിരുന്ന ഡി.എച്ച്.എസിന് മന്ത്രി നിർദ്ദേശം നൽകി
മന്ത്രിയുടെ നിർദേശത്തിന് പിന്നാലെ ആദ്യ പ്രസവത്തിന് ആശുപത്രിയിൽ സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വടകര ആശുപത്രിയിൽ ദിവസം 1600 പേർ ഒപിയിൽ വരുന്നുണ്ട്. അടിസ്ഥാന സൗകര്യം കൂട്ടുന്നതോടൊപ്പം ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെ എണ്ണം കൂട്ടുന്നതും ആലോചിക്കുമെന്നു മന്ത്രി പറഞ്ഞു