MovieNEWS

പ്രജേഷ് സെന്നിൻ്റെ ‘ഹൗഡിനി’യിലെ മീനയായി ജലജയുടെ മകൾ ദേവി വരുന്നു

     പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ദേവിയാണ്. മലയാളത്തിൻ്റെ ശാലീന സുന്ദരിയായ ജലജയുടെ മകളാണ് ദേവി.
അമ്മയേപ്പോലെ തന്നെ അഭിനേത്രിയാകണം എന്ന മോഹവുമായി കഴിയുകയായിരുന്നു ദേവിയും.
വിവാഹത്തോടെ ജലജ അഭിനയരംഗം വിട്ട് ഭർത്താവ് പ്രകാശുമൊത്ത് ബഹ്റിനിൽ സെറ്റിൽ ചെയ്തു. ദേവിയുടെ ജനനവും വിദ്യാഭ്യാസവുമൊക്കെ ബഹ്റിനിൽ ആയിരുന്നു. പിന്നീട് ഹയർ സ്റ്റഡീസ് യു.എസ്സിലും ചെയ്തു. ഗൾഫ് ജീവിതം അവസാനിപ്പിച്ച് ജലജയും കുടുംബവും തിരുവനന്തപുരത്ത് സെറ്റിൽ ചെയ്തതിനു ശേഷമാണ് മകൾ ദേവിക്ക് അഭിനയത്തിനു വഴി തുറന്നത്.

‘ദേവിക്ക് അഭിനയം താൽപ്പര്യമാണങ്കിൽ ആ വഴി തെരഞ്ഞെടുക്കട്ടെ.’ എന്നാണ് ജലജ മകളുടെ കടന്നുവരവിനേക്കുറിച്ച് പറഞ്ഞത്.
‘മാലിക്’എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ദേവി അഭിനയരംഗത്ത് ഹരിശീ കുറിച്ചു,
വലിയൊരു ഇടവേളക്കുശേഷം അതേ ചിത്രത്തിൽ ജലജയും അഭിനയിച്ചിരുന്നു.
മികച്ചൊയൊരു ചിത്രത്തിൻ്റെ ഭാഗമാവുകയായിരുന്നു അതിലൂടെ ഉദ്ദേശിച്ചതെന്ന് ജലജ പറഞ്ഞിരുന്നു.

Signature-ad

മികച്ച നർത്തകി കൂടിയാണ് ദേവി. ചെറുപ്പം മുതൽ തന്നെ നൃത്തത്തിൽ പരിശീലനം നേടിയിരുന്നു.
ഹൗഡിനി എന്ന ചിത്രത്തിൽ ദേവി നായികയായതിനേക്കുറിച്ച് സംവിധായകൻ പ്രജേഷ് സെന്നിൻ്റെ പ്രതികരണം ഇതായിരുന്നു:

“കറച്ചു നാളായി ദേവിയുടെ കാര്യം മനസ്സിലുണ്ടായിരുന്നു. ഈ സമയത്താണ് ‘ഹൗഡിനി’ ആരംഭിക്കാനുള്ള സമയമായത്. ഈ ചിത്രത്തിലെ നായികയെ നിശ്ചയിക്കേണ്ടി വന്നപ്പോൾ അസ്സോസ്സിയേറ്റ് ഡയറക്ടർ ഗിരീഷ് മാരാരാണ് ദേവിയുടെ കാര്യം നിർദ്ദേശിച്ചത്. അതും കൂടി ആയപ്പോൾ ദേവിയെ പരിഗണിക്കുകയായിരുന്നു.
കഥാപാത്രത്തെക്കുറിച്ചു പറഞ്ഞു കൊടുക്കുകയും രണ്ടു സീനുകൾ കൊടുത്തത് ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.
ഇതിലെ മീന എന്ന കഥാപാത്രം അങ്ങനെ ദേവിയിൽ ഭദ്രമായി.
മജീഷ്യനായ ആസിഫ് അലി അവതരിപ്പിക്കുന്ന നന്ദൻ എന്ന കഥാപാത്രത്തിൻ്റെ ഭാര്യയാണ് മീന.
നന്ദൻ്റെ ജീവിതത്തിൽ എന്നും താങ്ങും തണലുമാകുന്ന കഥാപാത്രം. പല പ്രതിസന്ധികളേയും നന്ദന് തരണം ചെയ്യേണ്ടി വരുമ്പോഴൊക്കെ മീനയുടെ സാന്നിദ്ധ്യം ഏറെ നിർണ്ണായകമായിരുന്നു”

അഭിനയസിദ്ധിയും, ആകാരസൗഷ്ടവവും കൊണ്ട്
അനുഗ്രഹീതയായ ഈ നടിക്ക് ശോഭനമായ ഒരു പാത തന്നെ മുന്നിലുണ്ടന്ന് വിശ്വസിക്കാം.

വാഴൂർ ജോസ്.
ഫോട്ടോ- ലിബിസൺ ഗോപി.

Back to top button
error: