MovieNEWS

‘കാതലി’ന്റെ ആദ്യ ലിറിക്കൽ ഗാനം പുറത്തിറങ്ങി, വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന കാതൽഹൃദയം കവരുന്ന മമ്മൂട്ടി ചിത്രമെന്ന് പ്രേക്ഷകർ

       മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്റെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ജിയോ ബേബി സംവിധാനം ചെയുന്ന ചിത്രത്തിലെ ‘എന്നും എൻ കാവൽ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. പാട്ടിലെ ചിത്രങ്ങൾ ശ്രദ്ധിക്കുമ്പോൾ വർഷങ്ങൾക്ക് ശേഷമുള്ള മമ്മൂട്ടിയുടെ ഒരു കുടുംബ ചിത്രമായിരിക്കും കാതൽ എന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.

വിവാഹം, ജനനം, മകൾ, കുടുംബം എന്നീ വിഷയങ്ങൾ എല്ലാം തന്നെ പരാമർശിക്കുന്ന ചിത്രമായിരിക്കും കാതൽ എന്നാണ് വ്യക്തമാകുന്നത്. നവംബർ 23 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഗാനത്തിന് മാത്യുസ് പുളിക്കലാണ് ഈണം നൽകിയിരിക്കുന്നത്. വരികൾ അൻവർ അലിയുടേതാണ്. ജി വേണുഗോപാലും ചിത്രയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ നാലാമതായി പുറത്തിറങ്ങുന്ന ചിത്രമാണ് ‘കാതൽ.’ ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചർ അപ്‌ഡേറ്റ് ചെയ്തുകൊണ്ട് മമ്മുട്ടി തന്നയാണ് മാത്യു ദേവസ്സിയെ പരിചയപ്പെടുത്തിയത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ താരം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘കാതൽ ദി കോർ’. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.

‘കണ്ണൂർ സ്‌ക്വാഡ്’ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ഈ ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു കാഴ്ചാനുഭവം സമ്മാനിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്ന് തിരക്കഥ ഒരുക്കിയ കാതലിന്റെ പ്രമേയം തന്നെ ആകർഷിച്ച ഒന്നാണെന്ന് തെന്നിന്ത്യൻ താരവും ജ്യോതികയുടെ ഭർത്താവുമായ സൂര്യ നേരത്തെ പറഞ്ഞിരുന്നു.

സാലു കെ തോമസ് ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൽ മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

അതേസമയം, ഐ എഫ് എഫ് കെയിലും കാതൽ പ്രദർശിപ്പിക്കും. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ജിയോ ബേബിയുടെ ചിത്രം വലിയ കോളിളക്കമാണ് മലയാള സിനിമാ ലോകത്ത് സൃഷ്ടിച്ചത്. കാതലും അത്തരത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയമായിരിക്കും കൈകാര്യം ചെയ്യുക എന്നാണ് വിലയിരുത്തുന്നത്.

Back to top button
error: