ആലപ്പുഴ: തകഴിയിലെ കര്‍ഷകന്‍ പ്രസാദിന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി സുഹൃത്തുക്കള്‍. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ പ്രസാദിനെ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വേണ്ട ചികിത്സ നല്‍കിയില്ലെന്നാണ് സുഹൃത്തുക്കളുടെ ആരോപണം.
മെഡിക്കല്‍ കോളജില്‍ ഐ.സി.യു ബെഡ് ഒഴിവില്ലെന്നു പറഞ്ഞ് ചികിത്സ നിഷേധിച്ചതായി സുഹൃത്തുക്കള്‍ പറയുന്നു. മെഡിക്കല്‍ കോളജില്‍നിന്ന് വേണ്ട ചികിത്സ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായും ഇവര്‍ പറഞ്ഞു.
തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ പ്രസാദ്(55) ആണ് ഇന്നു മരിച്ചത്. ബി.ജെ.പി കര്‍ഷക സംഘടനയായ കിസാന്‍ സംഘിന്റെ ജില്ലാ പ്രസിഡന്റാണ് പ്രസാദ്. നെല്ല് സംഭരിച്ചതിന്റെ വില പി.ആര്‍.എസ് വായ്പയായി കിട്ടിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പണം തിരിച്ചടയ്ക്കാത്തതിനാല്‍ മറ്റു വായ്പകള്‍ കിട്ടിയിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. വായ്പ ലഭിക്കാത്തതിനാലുള്ള പ്രയാസങ്ങളെ കുറിച്ച് പ്രസാദ് കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് പറയുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, പി.ആര്‍.എസ് വായ്പാ തിരിച്ചടവില്‍ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ലെന്ന് മന്ത്രി ജി.ആര്‍ അനില്‍ കുമാര്‍ പ്രതികരിച്ചു. കര്‍ഷകന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കും. പി.ആര്‍.എസ് വായ്പയുടെ തിരിച്ചടവിന്റെ പേരില്‍ ആരും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കേരളത്തിലില്ല. തിരിച്ചടവില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.