NEWSWorld

ഐസ്‌ലാന്റില്‍ 14 മണിക്കൂറിനിടെ 800 ഭൂചലനങ്ങള്‍; അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന് സാധ്യത, അടിയന്തരാവസ്ഥ

റെയ്ക്ജാവിക്ക്: പതിനാല് മണിക്കൂറിനിടെ 800 ഭൂചലനങ്ങളുണ്ടായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഐസ്‌ലാന്റ്. വെള്ളിയാഴ്ചയാണ് ഐസ്‌ലാന്റില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന് മുന്നോടിയായുണ്ടാകുന്ന സൂചനകള്‍ക്ക് സമാനമാണ് ഭൂചലനം. ഇത്രയും ശക്തമായ ഭൂചലനമുണ്ടായാല്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനമുണ്ടായേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ അത് സംഭവിച്ചേക്കാമെന്നും വിദഗ്ധര്‍ പറയുന്നു. ഗ്രിന്റാവിക്കിലും സമീപ പ്രദേശങ്ങളിലുമാണ് ഭൂചലനമുണ്ടായിരിക്കുന്നത്.

വടക്കന്‍ യൂറോപ്പിലെ അറ്റ്ലാന്റിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ ഐസ്‌ലാന്റില്‍ 33 സജീവ അഗ്‌നിപര്‍വതങ്ങളാണുള്ളത്. വെള്ളിയാഴ്ച ഭൂചലനമുണ്ടായ പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 4000 ഓളം പേരാണ് കഴിയുന്നത്. അഗ്‌നിപര്‍വ്വത സ്‌ഫോടനമുണ്ടായാല്‍ ആളുകളെ ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ അധികൃതര്‍ രൂപീകരിച്ച് കഴിഞ്ഞു.

തലസ്ഥാനമായ റെയ്ക്ജാവിക്കില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് രണ്ട് ശക്തമായ ഭൂചലനമുണ്ടായത്. ജനലുകള്‍ അടയുകയും പാത്രങ്ങള്‍ കൂട്ടിയിടിക്കുകയും ചെയ്തുവെന്നാണ് ജനങ്ങള്‍ പറയുന്നത്. ഏറ്റവും കൂടിയ തീവ്രത 5.2 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂചലനത്തെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഗ്രിന്റിവിക്കിലേക്കുള്ള റോഡ് പൊലീസ് അടച്ചു.

24000 ചെറു പ്രകമ്പനങ്ങളാണ് പെനിന്‍സുലയില്‍ ഒക്ടോബര്‍ മുതല്‍ ഉണ്ടായത്. 14 മണിക്കൂറിനിടെ 800 പ്രകമ്പനങ്ങളുണ്ടായി. 2021 മുതല്‍ മൂന്ന് അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍ ഐസ്‌ലാന്റില്‍ ഉണ്ടായി. 2021 മാര്‍ച്ചിലും 2022 ഓഗസ്റ്റിലും 2023 ജൂലൈയിലുമാണ് സ്‌ഫോടനമുണ്ടായത്. ജനവാസ കേന്ദ്രങ്ങള്‍ക്ക് ഏറെ അകലെയായിരുന്നു ഈ സ്‌ഫോടനങ്ങളുണ്ടായത്.

Back to top button
error: