Breaking NewsIndiaLead NewsNEWSNewsthen Specialpolitics

തോറ്റ ക്ഷീണം മാറ്റാന്‍ ഒരു ടൂറു പോയി ബിഎംഡബ്ല്യു ബൈക്കോടിച്ചതിനാണ് ഈ പൊല്ലാപ്പ്; രാഹുല്‍ഗാന്ധിയുടെ അനവസര ടൂറില്‍ പ്രതിപക്ഷത്തിനും പ്രതിഷേധം; പ്രധാനപ്പെട്ട ബില്ല് ചര്‍ച്ച ചെയ്യുമ്പോള്‍ ബൈക്കോടിച്ച് രസിച്ചതിനെതിരെ ജോണ്‍ ബ്രിട്ടാസ്

 

ന്യൂഡല്‍ഹി: ബീഹാര്‍ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ഒന്നു കറങ്ങാന്‍ പോയതായിരുന്നു പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. അതാണിപ്പോള്‍ വലിയ പ്രശ്‌നമായിരിക്കുന്നത്. പ്രശ്‌നമാക്കിയത് പ്രതിപക്ഷത്തുള്ളവര്‍ തന്നെയാണെന്നത് മറ്റൊരു കൗതുകം!!
രാജ്യത്തിന് ഒരു ഫുള്‍ ടൈം പ്രതിപക്ഷ നേതാവ് വേണമെന്ന മുഖവുരയോടെ ജോണ്‍ ബ്രിട്ടാസ് എംപിയാണ് ചന്ദ്രേട്ടനെവിട്യാ എന്ന് ചോദിക്കും പോലെ രാഹുല്‍ഗാന്ധി എവിട്യാ എന്ന് ചോദിച്ചത്.ജനവിരുദ്ധ ബില്ല് പാര്‍ലമെന്റില്‍ പരിഗണിക്കുമ്പോള്‍ രാഹുല്‍ഗാന്ധി ബിഎംഡബ്ല്യു ബൈക്ക് ഓടിച്ച് രസിച്ചതാണ് ബ്രിട്ടാസിന് പിടിക്കാഞ്ഞത്.
ഒരാഴ്ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാല്‍ പോരേ? ബിഎംഡബ്ല്യു കമ്പനി അവിടെതന്നെ ഉണ്ടാകുമല്ലോ എന്നാണ് ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യം.

Signature-ad

പാര്‍ലമെന്റില്‍ തൊഴിലുറപ്പ് ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട പ്രതിപക്ഷ നേതാവ് വിദേശ പര്യടനത്തിന് പോയത് ശരിയായില്ലെന്നാണ് ബ്രിട്ടാസും കൂട്ടരും പറയുന്നത്. അത് ശരിയാണെന്ന് പ്രതിപക്ഷത്തെ മിക്കവരും സമ്മതിക്കുന്നു.
ജനവിരുദ്ധ ബില്ല് പാര്‍ലമെന്റില്‍ വരുമ്പോള്‍ പ്രതിപക്ഷനേതാവ് എവിടെയായിരുന്നുവെന്ന് ആദ്യം ചോദിച്ചത് ഡിഎംകെയിലെ ടി.ആര്‍.ബാലുവാണ്. ശൈത്യകാല സമ്മേളനത്തിന്റെ കലണ്ടര്‍ നേരത്തേ അറിയാവുന്നതല്ലേ. കുടിലതന്ത്രങ്ങള്‍ ബിജെപി നടപ്പിലാക്കും എന്നറിയാവുന്നതല്ലേ എന്ന് ബാലുവും ചോദിച്ചിരുന്നു.

രാഹുല്‍ഗാന്ധിയുടെ അനവസത്തിലുള്ള ടൂറില്‍ ഉള്ള എതിര്‍പ്പ് പ്രതിപക്ഷം പുറത്തെടുത്തത് കോണ്‍ഗ്രസിന് ക്ഷീണമായിട്ടുണ്ട്. സുപ്രധാന തീരുമാനങ്ങളും പ്രതിഷേധങ്ങളും കൈക്കൊള്ളേണ്ട സമയത്ത് രാഹുല്‍ ഗാന്ധി ടൂറടിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസിനകത്തും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
ഗ്രാമീണജനതയുടെ ജീവനാഡിയായ തൊഴിലുറപ്പ് പദ്ധതിയെ നശിപ്പിക്കുന്ന ബില്‍ പാര്‍ലമെന്റ് പരിഗണിക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജര്‍മനിയില്‍ ഉല്ലാസയാത്ര പോയത് തെറ്റായെന്ന് കോണ്‍ഗ്രസ് എംപിമാര്‍ തന്നെ രഹസ്യമായി പരാതിപ്പെടുന്നുണ്ട്.
തീര്‍ത്തും തൊഴിലാളിവിരുദ്ധമായ ബില്ലിനെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ എതിര്‍ക്കാന്‍ മുന്നിട്ടിറങ്ങേണ്ട സമയത്താണ് രാഹുലിന്റെ അസാന്നിധ്യമെന്ന് ജോണ്‍ ബ്രിട്ടാസ് അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ബില്‍ ലോക്സഭ ബുധനാഴ്ച ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ ജര്‍മനിയില്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ള്യുവിന്റെ ഫാക്ടറി സന്ദര്‍ശിക്കുകയായിരുന്നു രാഹുല്‍. സുപ്രധാന ബില്ലുകള്‍ പരിഗണിക്കുന്നതിനാല്‍ മൂന്നുദിവസം പാര്‍ലമെന്റില്‍ നിര്‍ബന്ധമായും ഹാജരായിരിക്കണമെന്ന കോണ്‍ഗ്രസ് വിപ്പ് ലംഘിച്ചാണ് വിദേശയാത്ര. ശനിയാഴ്ച വരെ രാഹുല്‍ ജര്‍മനിയില്‍ തുടരും.

ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലും രാഹുല്‍ നടത്തിയ വിദേശ പര്യടനത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ആറുമാസത്തിനിടെ അഞ്ചുവട്ടമാണ് രാഹുല്‍ വിദേശത്തേക്ക് പോയതെന്ന് ഇടത് എംപിമാര്‍ പറയുന്നു.
ജൂണ്‍ 25 മുതല്‍ ജൂലൈ ആറ് വരെ ലണ്ടനിലായിരുന്നു. സെപ്തംബര്‍ നാല് മുതല്‍ എട്ട് വരെ മലേഷ്യയിലേക്ക് പോയി. സെപ്തംബറില്‍ തന്നെ ബ്രസീലും കൊളംബിയയും സന്ദര്‍ശിച്ചു.
ധ്യാനത്തിനെന്ന പേരില്‍ 2015 ല്‍ തായ്ലാന്‍ഡ്, മ്യാന്‍മര്‍, കംബോഡിയ എന്നിവിടങ്ങളിലായി രണ്ടുമാസമാണ് ചെലവഴിച്ചതെന്നും 2018 ലെ ബജറ്റ് സമ്മേളന ഘട്ടത്തില്‍ വിദേശത്തായിരുന്നുവെന്നും പ്രതിപക്ഷത്തുള്ളവര്‍ തന്നെ ചൂണ്ടിക്കാട്ടുുന്നു.
2019 മെയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബ്രിട്ടനിലേക്ക് പറന്നു. 2019 ഒക്ടോബറില്‍ ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുമ്പായി ബാങ്കോക്കിലേക്ക് പോയി. 2019 ഡിസംബറില്‍ ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ദക്ഷിണ കൊറിയയില്‍ ഉല്ലാസയാത്രയിലായിരുന്നു. ഇൗ ഘട്ടത്തില്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കപ്പെട്ട സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ രാഹുല്‍ പങ്കാളിയായില്ല. 2020 ഡിസംബറില്‍ കോണ്‍ഗ്രസിന്റെ സ്ഥാപകദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാതെ ഇറ്റലിക്ക് പറന്നു.

2022 തുടക്കത്തില്‍ പഞ്ചാബും ഗോവയുമടക്കം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയ ഘട്ടത്തിലും രാഹുല്‍ പുതുവത്സരാഘോഷങ്ങള്‍ക്കായി വിദേശത്തായിരുന്നു. 2023 മാര്‍ച്ചിലെ ബജറ്റ് സമ്മേളന ഘട്ടത്തിലും രണ്ടാഴ്ച വിദേശത്തായിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ പഞ്ചാബും ഹിമാചലും ഉള്‍പ്പെടെ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ വലിയ നാശം വിതച്ചപ്പോള്‍ ആശ്വാസവുമായി എത്താതെ രാഹുല്‍ മലേഷ്യയില്‍ ഉല്ലാസയാത്രയിലായിരുന്നുവെന്നാണ് ഇടതുപക്ഷ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: