KeralaNEWS

ഡ്രൈവിങ് സ്‌കൂളുകാര്‍ക്കും ഇനി കോഴ്‌സ്; പഠിച്ചു ജയിച്ചാല്‍ ആശാന് ഇന്‍സ്ട്രക്ടറാകാം

തിരുവനന്തപുരം: ഡ്രൈവിങ് ശാസ്ത്രീയമായി പഠിപ്പിക്കാന്‍ ‘ആശാന്‍മാര്‍’ക്ക് ഒരുമാസം നീളുന്ന കോഴ്സ് വരുന്നു. തിയറിയും പ്രാക്ടിക്കലുമടക്കമുള്ള പാഠ്യപദ്ധതിയാണ് ഒരുങ്ങുന്നത്. ഡ്രൈവിങ് പഠിപ്പിക്കല്‍ കുറ്റമറ്റതാക്കുകയാണു ലക്ഷ്യം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു ഡ്രൈവിങ് സ്‌കൂളുകളിലെ ഇന്‍സ്ട്രക്ടര്‍ പദവിയിലേക്കുയരാം.

എല്ലാ ഡ്രൈവിങ് സ്‌കൂളുകളിലും ഇന്‍സ്ട്രക്ടര്‍മാര്‍ ഉണ്ടാകണമെന്നാണു നിയമം. ഡ്രൈവിങ് പഠിപ്പിക്കേണ്ടത് അവരാണ്. പത്താംക്ലാസും അഞ്ചു വര്‍ഷത്തെ ഡ്രൈവിങ് പരിചയവും സര്‍ക്കാരിനു കീഴിലെ ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എജ്യുക്കേഷന്‍ സെന്റര്‍ നടത്തുന്ന ഓട്ടോമൊബൈല്‍ ഡിപ്ലോമയും ജയിച്ചവരാകണം ഇന്‍സ്ട്രക്ടര്‍മാര്‍.

Signature-ad

അത്തരം യോഗ്യതയുള്ളവര്‍ സ്‌കൂളുകളില്‍ സ്ഥിരമായി നില്‍ക്കാറില്ല. അതിനാല്‍, മിക്ക സ്‌കൂളുകളിലും ഇന്‍സ്ട്രക്ടര്‍മാരെ കിട്ടാത്ത അവസ്ഥയാണ്. പരിശോധനയിലുംമറ്റും വിജിലന്‍സ് പ്രധാനമായി കണ്ടെത്തുന്ന പ്രശ്നവും ഇന്‍സ്ട്രക്ടമാര്‍ ഇല്ലെന്നതാണ്. പ്രവൃത്തിപരിചയമുള്ള ഡ്രൈവര്‍മാരാണ് സ്‌കൂളുകളില്‍ ഡ്രൈവിങ് പഠിപ്പിക്കാറ്. രേഖകളില്‍ ഇന്‍സ്ട്രക്ടര്‍ ഉണ്ടാകുമെങ്കിലും പഠിപ്പിക്കാന്‍ എത്താറില്ല.

ഈ സാഹചര്യത്തില്‍ റോഡുസുരക്ഷകൂടി കണക്കിലെടുത്താണു നിലവില്‍ പഠിപ്പിക്കുന്നവര്‍ക്കായി പ്രത്യേകം കോഴ്സ് നടത്തുന്നത്. മോട്ടോര്‍വാഹന വകുപ്പിനു കീഴില്‍ എടപ്പാളിലുള്ള ഐ.ഡി.ടി.ആറി(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച്)ലാണ് കോഴ്സ് നടത്തുക. കോഴ്സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീടറിയിക്കും.

Back to top button
error: