CrimeNEWS

വിദ്യാര്‍ഥിയെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ചെന്ന് പരാതി; ഇടുപ്പെലിന് പൊട്ടല്‍

എറണാകുളം: വാഹന പരിശോധനയുടെ പേരില്‍ വിദ്യാര്‍ഥിയെ സ്റ്റേഷനില്‍ കൊണ്ടു പോയി മര്‍ദിച്ചതായി പരാതി. ഇടുപ്പെല്ലിനു പൊട്ടലേറ്റ വിദ്യാര്‍ഥിയെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ പൊലീസിനെതിരെയാണു പരാതി. വളയന്‍ചിറങ്ങര കണിയാക്കപറമ്പില്‍ മധുവിന്റെയും നിഷയുടെയും മകന്‍ നെല്ലിക്കുഴി ഇന്ദിരാഗാന്ധി പോളിടെക്‌നിക് കോളജ് മെക്കാനിക്കല്‍ വിഭാഗം ഒന്നാം വര്‍ഷം വിദ്യാര്‍ഥി കെ.എം. പാര്‍ഥിപനാണു (18) മര്‍ദനമേറ്റത്. 29 നു രാവിലെയായിരുന്നു സംഭവം.

കൂട്ടുകാരനെ കാണാന്‍ കാറില്‍ പാലയിലേക്കു പോയതാണ്. കൈ കാണിച്ചിട്ടും നിര്‍ത്തിയില്ലെന്ന് ആരോപിച്ചു വിദ്യാര്‍ഥിയെ പൊലീസ് പിന്തുടര്‍ന്നു പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്നു 2 പൊലീസുകാര്‍ മര്‍ദിച്ചെന്നാണു പരാതി. കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ സംഭവത്തില്‍ കെ.എം. പാര്‍ഥിപനെതിരെ കേസെടുത്തു വിടുകയായിരുന്നുവെന്നും മര്‍ദിച്ചിട്ടില്ലെന്നും എസ്എച്ച്ഒ കെ.പി. ടോംസണ്‍ പറഞ്ഞു.

ലൈസന്‍സില്ലാതെയാണു വിദ്യാര്‍ഥി കാര്‍ ഓടിച്ചത്. കാറില്‍ ഫിലിം ഒട്ടിച്ചിരുന്നു. തെന്നി വീണെന്നു പറഞ്ഞു പാര്‍ഥിപന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡോക്ടറെ കണ്ടു കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയാണു മടങ്ങിയത്. ജനറല്‍ ആശുപത്രിയില്‍ നിന്ന് ഇതുസംബന്ധിച്ച രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

Back to top button
error: