തിരുവനന്തപുരം: പാചകത്തിന് ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല എന്നാണ് കെഎസ്ഇബി നല്‍കുന്ന മുന്നറിയിപ്പ്.
”1500-2000 വാട്സ് ആണ് സാധാരണ ഇന്‍ഡക്ഷന്‍ സ്റ്റൗവിന്റെ പവര്‍ റേറ്റിംഗ്. അതായത് ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാല്‍ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല. കുക്കറിന്റെ പ്രതലത്തില്‍ കാണിച്ചിരിക്കുന്ന വൃത്തത്തിനേക്കാള്‍ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
പാചകത്തിന് ആവശ്യമുള്ള അളവില്‍ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇന്‍ഡക്ഷന്‍ കുക്കറിന്റെ പവര്‍ കുറയ്ക്കാവുന്നതാണ്. പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണ്‍ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക.”- കെഎസ്ഇബിയുടെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.