KeralaNEWS

കാലിക്കറ്റിലെ എസ്എഫ്ഐ കോട്ടകളില്‍ വിള്ളല്‍; തേരോട്ടവുമായി കെ.എസ്.യു.

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റവുമായി കെ.എസ്.യു. കാലങ്ങളായി എസ്.എഫ്.ഐ. യൂണിയന്‍ ഭരിച്ചിരുന്ന പല കോളജുകളും കെ.എസ്.യുവും എം.എസ്.എഫും ഇരുവരും ചേര്‍ന്ന സഖ്യവും പിടിച്ചടക്കി. താരതമ്യേന കനത്ത തിരിച്ചടിയാണ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളജുകളില്‍ എസ്.എഫ്.ഐയുടേത്.

പാലക്കാട് ജില്ലയില്‍ തൃത്താല ഗവണ്‍മെന്റ് കോളജ്, പാട്ടാമ്പി ഗവ. കോളജ്, ഗവ. വിക്ടോറിയ കോളജ്, ഒറ്റപ്പാലം എന്‍.എസ്.എസ്. കോളജ്, നെന്മാറ എന്‍.എസ്.എസ്. കോളജ്, പറക്കുളം എന്‍.എസ്.എസ്. കോളജ്, പടിഞ്ഞാറങ്ങാടി മൈനോരിറ്റി കോളജ്, ആനക്കര എ.ഡബ്ല്യൂ.എച്ച്. കോളജ്. പട്ടാമ്പി ലിമന്റ് കോളജ് എന്നിവിടങ്ങളില്‍ കെ.എസ്.യു. സഖ്യം വിജയിച്ചു.

മലപ്പുറം മഞ്ചേരി എന്‍.എസ്.എസ്. കോളജ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ്, വയനാട് സുല്‍ത്താന്‍ ബത്തേരി അല്‍ഫോന്‍സ കോളജ്, കോഴിക്കോട് താമരശ്ശേരി ഐ.എച്ച്.ആര്‍.ഡി. കോളജ്, അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളജ്, വയനാട് ബത്തേരി സെന്റ് മേരീസ് കോളജ്, മലപ്പുറം അംബേദ്കര്‍ കോളജ്, കോഴിക്കോട് നാദാപുരം ഗവ. കോളജ് എന്നിവിടങ്ങളിലും കെ.എസ്.യു. വിജയം നേടി.

അതേസമയം, തൃശ്ശൂര്‍ കേരള വര്‍മ കോളജില്‍ തങ്ങളുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി വിജയിച്ചുവെന്ന് കെ.എസ്.യു. അവകാശപ്പെട്ടു. കെ.എസ്.യു. സ്ഥാനാര്‍ഥിയായ ശ്രീക്കുട്ടന്‍ ശിവദാസന്‍ ആദ്യവട്ട വോട്ടെണ്ണലില്‍ ഒരുവോട്ടിന് വിജയിച്ചു. എന്നാല്‍, റിക്കൗണ്ടിങ് ആവശ്യപ്പെട്ട് എസ്.എഫ്.ഐ. രംഗത്തെത്തി. നിലിവില്‍ ഇവിടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

കാഴ്ച പരിമിതിയുള്ള മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയാണ് കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ ശ്രീക്കുട്ടന്‍. 38 വര്‍ഷം തുടര്‍ച്ചയായി ഇവിടെ എസ്.എഫ്.ഐ. സ്ഥാനാര്‍ഥിയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിച്ചുവരുന്നത്. പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ ശ്രീക്കുട്ടന് അഭിനന്ദനവുമായി കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം അടക്കമുള്ളവര്‍ രംഗത്തെത്തി.

 

Back to top button
error: