മുംബൈ: മഹാരാഷ്ട്രയില്‍ മറാത്ത സംവരണ പ്രക്ഷോഭം ആളിപ്പടരുന്നു. പ്രതിഷേധക്കാര്‍ എന്‍.സി.പി. മന്ത്രിയുടെ കാര്‍ തകര്‍ത്തു. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹസന് മുഷ്രിഫിന്റെ കാറാണ് പ്രതിഷേധക്കാര്‍ തകര്‍ത്തത്. സംഭവത്തില്‍ മൂന്നുപേരെ മുംബൈ മറൈന്‍ ഡ്രൈവ് പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് കാറിന് നേരെ ആക്രമണമുണ്ടായത്. വടികളുമായി എത്തിയ പ്രതിഷേധക്കാര്‍ കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ‘ഏക് മറാത്ത, ലാഖ് മറാത്ത’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു ആക്രമണം. സംഭവസമയത്ത് മന്ത്രി കാറിലുണ്ടായിരുന്നില്ല. തകര്‍ക്കപ്പെട്ട കാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു. മറ്റ് മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വീടുകളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം, പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ജല്‍നാ ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചു. മറാത്താ ഭൂരിപക്ഷ പ്രദേശമായ ബീഡിലെ കര്‍ഫ്യൂ തുടരുകയാണ്.
പ്രതിഷേധം രൂക്ഷമാവുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. സര്‍വകക്ഷി യോഗത്തിന് ശിവസേനാ ഉദ്ധവ് താക്കറെ പക്ഷത്തെ വിളിച്ചില്ല എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.