കൊച്ചി: സംസ്ഥാനം വൻ സമ്പത്തിക പ്രതിസന്ധിയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ കടന്നുപോകുന്നത് സാമ്പത്തിക ഞെരിക്കത്തിലൂടെ ആണെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നത്. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത്. കെടിഡിഎഫ്സിയുടെ (കേരളാ ട്രാൻസ്പോർട് ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷൻ) സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട കേസിലാണ് നിലപാട് സർക്കാർ അറിയിച്ചത്.
സത്യവാങ്മൂലം കേരളത്തെ അപമാനിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തിന് പുറത്ത് നാടിന് മോശം പേരുണ്ടാകില്ലേ എന്ന് കോടതി ചോദിച്ചു. സാമ്പത്തിക അടിയന്തരാവസ്ഥയാണ് എന്നാണോ നിങ്ങൾ പറയുന്നതെന്നും ഭരണഘടന വായിച്ചിട്ടുണ്ടോ എന്നും സർക്കാറിനോട് കോടതി ചോദിച്ചു. അധിക സത്യവാങ്മൂലം നൽകാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. ഹർജി 10 ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്.
സർക്കാർ ഗ്യാരന്റിയിൽ നിക്ഷേപിച്ച പണം തിരികെ നൽകുന്നില്ലെന്നായിരുന്നു കേരളാ ട്രാൻസ്പോർട് ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനെതിരെ ഹൈക്കോടതിയിൽ എത്തിയ ഹർജി. കൊൽക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക്സ് ആണ് ഹർജി നൽകിയത്. വിഷയത്തിൽ കെടിഡിഎഫ്സിക്ക് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വിമർശനമുണ്ടായിരുന്നു. എന്തുകൊണ്ടാണ് കെടിഡിഎഫ്സി പണം നൽകാത്തതെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെടിഡിഎഫ്സി പൂട്ടലിൻറെ വക്കിലാണ്. ധനകാര്യ സ്ഥാപനമായി പ്രവർത്തിക്കാനുള്ള ലൈസൻസ് അടക്കം നഷ്ടമായേക്കുമെന്ന സ്ഥിതിയാണ്. നിക്ഷേപകർ കൂട്ടത്തോടെ സമീപിച്ചിട്ടും പണം തിരിച്ചുനൽകാനില്ലാതെ പ്രതിസന്ധിയിലാണ് പൊതുമേഖലാ സ്ഥാപനം. ജീവനക്കാരുടെ ശമ്പളം സ്ഥിരമായി മുടങ്ങിയിട്ടും സർക്കാർ ഇടപെടുന്നില്ലെന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.
സർക്കാരിന് കീഴിലുള്ള സ്ഥാപനമെന്ന് വിശ്വസിച്ച് സ്ഥാപനത്തിൽ കോടികൾ സ്ഥിര നിക്ഷേപമിട്ടവർ കുടുങ്ങിയിരിക്കുകയാണ്. നിക്ഷേപ കാലാവധി പൂർത്തിയായിട്ടും ആർക്കും പണം തിരിച്ചു നൽകാൻ കെടിഡിഎഫ്സിക്ക് പറ്റുന്നില്ല. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വരുമാനമില്ല. കടം നൽകിയ പണത്തിന് കെഎസ്ആർടിസി തിരിച്ചടവും മുടക്കി. ഇതോടെയാണ് സ്ഥാപനം പൂട്ടേണ്ട അവസ്ഥയിലായത്. 580 കോടിയോളം രൂപയാണ് ഈ ധനകാര്യ സ്ഥാപനത്തിൽ പൊതുജന നിക്ഷപമായുള്ളത്.