റിയാദ്: 2034ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് പ്രഖ്യാപിച്ച് ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫന്റീനോ. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇന്‍ഫന്റീനോ ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തില്‍നിന്ന് ഓസ്‌ട്രേലിയ പിന്മാറിയിരുന്നു. ഇതോടെ സൗദി ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഫിഫ പ്രസിഡന്റിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
”ഫിഫ ലോകകപ്പിന്റെ അടുത്ത പതിപ്പ് 2026ല്‍ വടക്കേ അമേരിക്കന്‍ രാജ്യങ്ങളായ കാനഡ, മെക്‌സിക്കോ, യുഎസ് എന്നിവിടങ്ങളില്‍ നടക്കും. 2030ല്‍ ആഫ്രിക്കയിലും (മൊറോക്കോ) യൂറോപ്പിലുമായി (പോര്‍ച്ചുഗല്‍, സ്‌പെയിന്‍) ലോകകപ്പ് അരങ്ങേറും. ഇതിന്റെ ഭാഗമായുള്ള പ്രദര്‍ശന മത്സരങ്ങള്‍ തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റിന, പാരഗ്വായ്, യുറഗ്വായ് എന്നിവടങ്ങിലും നടക്കും. 2034ല്‍ ഏഷ്യയില്‍ നടക്കുന്ന ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. മൂന്നു പതിപ്പുകള്‍, അഞ്ച് ഭൂഖണ്ഡങ്ങള്‍, മത്സരങ്ങള്‍ക്ക് വേദിയാകാന്‍ പത്ത് രാജ്യങ്ങള്‍ അത് ഫുട്‌ബോളിനെ അക്ഷരാര്‍ഥത്തില്‍ ആഗോള കായികയിനമാക്കുന്നു” ഇന്‍ഫന്റീനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വേദികള്‍ക്ക് ഫിഫ കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി ഇന്‍ഫന്റീനോ വ്യക്തമാക്കി. യോഗത്തില്‍ ആറ് കോണ്‍ഫെഡറേഷനില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തെന്നും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും ഇന്‍ഫന്റീനോ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ ആദ്യവാരം ലോകകപ്പ് നടത്താന്‍ ഏഷ്യ, ഓഷ്യാനിയ രാജ്യങ്ങളെ ഫിഫ ക്ഷണിച്ചതിനു പിന്നാലെ സൗദി അറേബ്യ താല്‍പര്യം അറിയിച്ചിരുന്നു. സൗദിയേക്കൂടാതെ ഓസ്‌ട്രേലിയ, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളാണ് ലോകകപ്പ് വേദിയാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ഈ വര്‍ഷത്തെ വനിതാ ലോകകപ്പ് ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് രാജ്യങ്ങളിലായാണു നടന്നത്.