തിരുവനന്തപുരം:സവാരി വിളിച്ചവരോട് വരാന്‍ പറ്റില്ലെന്ന ഡ്രൈവറുടെ മറുവാക്കിന് ബ്രേക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഇനി മുതല്‍ യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി കൊണ്ടെത്തിച്ചില്ലെങ്കില്‍ ഫൈന്‍, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികളുണ്ടാവുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
യാത്രക്കാരില്‍നിന്നോ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം നടപടിയുണ്ടാകും. അത്യാവശ്യ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് യാത്രക്കാര്‍ കുറഞ്ഞ ദൂരം വിളിച്ചാലും തിരക്കുള്ള സ്ഥലങ്ങളിലേക്കുമെല്ലാം ഓട്ടോ ഡ്രൈവര്‍മാര്‍ പോകാത്ത സാഹചര്യമാണുള്ളത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്.
യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ ഓട്ടോക്കാര്‍ പോകാന്‍ മടി കാണിക്കുകയാണെങ്കില്‍ ഓട്ടോറിക്ഷയുടെ നമ്പര്‍, സ്ഥലം തുടങ്ങിയവ ഉള്‍പ്പെടെ 8547639011 എന്ന വാട്സാപ്പ് നമ്പറില്‍ യാത്രക്കാര്‍ക്ക് പരാതിപ്പെടാം. ഏതു ജില്ലയില്‍ നിന്നും ഈ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാവുന്നതാണ്. പരാതികള്‍ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് ഉടന്‍ കൈമാറുകയും പരിഹാരമുണ്ടാകുകയും ചെയ്യും.
ന്യായമായ പരാതികളില്‍ ബന്ധപ്പെട്ടവരെ സ്റ്റേഷനുകളില്‍ വിളിച്ചു വരുത്തുകയും ഫൈന്‍ ഈടാക്കുകയും ചെയ്യും. 7500 രൂപയാണ് കുറഞ്ഞ ഫൈന്‍.ഒപ്പം ലൈസൻസ് റദ്ദാക്കുക തുടങ്ങിയ കടുത്ത നടപടികളുമുണ്ടാകും.
അതേസമയം സംസ്ഥാനത്തെ ഡീസല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഗതാഗത വകുപ്പ്. ഡീസല്‍ ഓട്ടോറിക്ഷകള്‍ മറ്റ് ഹരിത ഇന്ധനങ്ങളിലേക്ക് മാറ്റാനുള്ള കാലപരിധിയാണ് ഗതാഗത വകുപ്പ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
നേരത്തെ 15 വര്‍ഷത്തിനുള്ളിലാണ് ഹരിത ഇന്ധനങ്ങളിലേക്ക് മാറ്റാനുള്ള കാലപരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഗതാഗത വകുപ്പിന്റെ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച്, ഹരിത ഇന്ധനത്തിലേക്ക് മാറാൻ 22 വര്‍ഷത്തെ കാലപരിധി ലഭ്യമാണ്.